
ദില്ലിയിലെ ഷഹ്ദാരയില്‍ രാത്രിയില്‍ ആളൊഴിഞ്ഞ തെരുവില്‍ വച്ച് തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെ രാജ്യവ്യാപകമായി കനത്ത പ്രതിഷേധം. മൃഗസംരക്ഷണ പ്രവര്‍ത്തകയായ രേണു കൗര്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികള്‍ ഒന്നടങ്കം രംഗത്തെത്തിയതോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിമിഷനേരം കൊണ്ട് വൈറലായി.
വൈറലായ വീഡിയോയ്ക്ക് പിന്നാലെ, രോഷാകുലരായ പ്രദേശവാസികള്‍ ചേര്‍ന്ന് പിറ്റേന്ന് പ്രതിയെ പിടികൂടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ജനക്കൂട്ടം ഇയാളെ മര്‍ദ്ദിച്ച ശേഷം അടുത്തുള്ള തെരുവുകളിലൂടെ നടത്തിക്കുന്നതിന്റെ ദൃശ്യങ്ങളും പിന്നീട് ഓണ്‍ലൈനില്‍ പ്രചരിച്ചു. പ്രതിക്ക് മോഷണ ചരിത്രമുണ്ടെന്നും, സ്ത്രീകളെയും പെണ്‍കുട്ടികളെയും സംശയാസ്പദമായ സാഹചര്യത്തില്‍ അപ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുവരാറുണ്ടെന്നും രേണു കൗര്‍ ആരോപിച്ചെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. നിയമം കൈയിലെടുക്കരുതെന്ന് ചിലര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍, മൃഗങ്ങളോട് ക്രൂരത കാട്ടുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് പ്രതിയെ പ്രദേശവാസികള്‍ പോലീസിന് കൈമാറിയതായും ഔദ്യോഗികമായി പരാതി രജിസ്റ്റര്‍ ചെയ്തതായും രേണു കൗര്‍ പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. അതേസമയം, ഇന്ത്യയില്‍ മൃഗങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ നിലവില്‍ കര്‍ശനമായ നിയമങ്ങളില്ലെന്ന ആശങ്കയും ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പലരും ഓണ്‍ലൈനിലൂടെ പങ്കുവെക്കുന്നുണ്ട്.






