
വഡോദര: വഡോദരയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ഗ്രൗണ്ട് പവർ യൂണിറ്റ് തകരാറിലായതിനെ തുടർന്ന് സർവീസ് വൈകി. എയർ കണ്ടീഷണർ പ്രവർത്തിക്കാതെയും വെളിച്ചമില്ലാതെയും വിമാനത്തിനുള്ളിൽ യാത്രക്കാർക്ക് 30 മിനിറ്റോളം ഇരിക്കേണ്ടി വന്നു. ഒടുവിൽ, എൻജിനീയർമാർ എത്തി സാങ്കേതിക തകരാർ പരിഹരിച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്.
ഇത് കാരണം നിശ്ചിത സമയത്തേക്കാൾ 80 മിനിറ്റോളം വൈകിയാണ് വിമാനം യാത്ര തിരിച്ചത്. വിമാനത്തിൽ 160-ഓളം യാത്രക്കാരുണ്ടായിരുന്നു. ഞായറാഴ്ച രാത്രി വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് വൈദ്യുതി ബന്ധം പൂർണ്ണമായും നിലയ്ക്കുകയായിരുന്നു. വിമാനത്തിലേക്ക് വൈദ്യുതി എത്തിച്ചിരുന്ന ഗ്രൗണ്ട് പവർ യൂണിറ്റ് പെട്ടെന്ന് പ്രവർത്തനരഹിതമായതാണ് ഇതിന് കാരണം. ഇൻഡിഗോ 6E 657 എന്ന ഈ വിമാനം രാത്രി 8:40-ന് പുറപ്പെടേണ്ടതായിരുന്നു എന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. തുടർന്ന് എൻജിനീയർമാർ ഉടൻ തന്നെ വിമാനത്തിലെത്തി തകരാർ കണ്ടെത്തുകയും, 12 മുതൽ 15 മിനിറ്റുകൾക്കുള്ളിൽ തകരാറിലായ GPU നന്നാക്കുകയും ചെയ്തു. എങ്കിലും വിമാനത്തിനുള്ളിൽ വൈദ്യുതി പൂർണ്ണമായി പുനഃസ്ഥാപിക്കാൻ വീണ്ടും 15 മിനിറ്റ് കൂടി വേണ്ടിവന്നു.
വിമാനം പാർക്ക് ചെയ്തിരിക്കുന്ന സമയത്ത്, അതിന്റെ എഞ്ചിനുകൾ പ്രവർത്തിപ്പിക്കാതെ തന്നെ ലൈറ്റുകളും എയർ കണ്ടീഷണറും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ വൈദ്യുതി നൽകുന്ന ഉപകരണമാണ് ഗ്രൗണ്ട് പവർ യൂണിറ്റ്.






