
മാഞ്ചസ്റ്റര്‍: ആസ്റ്റണ്‍ വില്ലയ്ക്കെതിരെയുള്ള ഞായറാഴ്ചത്തെ പ്രീമിയര്‍ ലീഗ് മത്സരത്തിന് ശേഷം പരിശീലകന് പെപ് ഗ്വാര്‍ഡിയോള ക്ലബ്ബ് വിടുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റി പകരക്കാരെ കണ്ടെത്താനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഈ സീസണ് അവസാനത്തോടെ ഈ ഇതിഹാസ പരിശീലകന് എത്തിഹാദ് സ്റ്റേഡിയം വിടുമെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്ത സീസണ് വരെ ഗ്വാര്‍ഡിയോളയ്ക്ക് കരാറുണ്ടെന്നും അദ്ദേഹം മാനേജര്‍ സ്ഥാനത്ത് തുടരുമെന്നാണ് പ്രതീക്ഷയെന്നുമാണ് സിറ്റി മാനേജ്മെന്റ് ഇപ്പോഴും വ്യക്തമാക്കുന്നത്. എന്നാല്‍ അദ്ദേഹം ക്ലബ്ബ് വിടുമെന്ന ഉറപ്പില്‍ തന്നെയാണ് സിറ്റിയിലെ ജീവനക്കാര്‍. ഇതിന്റെ ഭാഗമായി അദ്ദേഹം പടിയിറങ്ങുന്നതിന് മുന്നോടിയായുള്ള ഔദ്യോഗിക നടപടികള്‍ ക്ലബ്ബില്‍ ആരംഭിച്ചുകഴിഞ്ഞു.
വില്ലയ്ക്കെതിരായ സീസണിലെ അവസാന മത്സരത്തിന് ശേഷം പെപ് ക്ലബ്ബ് വിടുമെന്ന് കളിക്കാരും പ്രതീക്ഷിക്കുന്നുണ്ട്. തങ്ങളുടെ ഐക്കോണിക് ബോസിന്റെ പത്തു വര്‍ഷത്തെ സുവര്‍ണ്ണകാലം എങ്ങനെ മികച്ച രീതിയില്‍ അടയാളപ്പെടുത്താം എന്നാലോചിക്കുകയാണ് ക്ലബ്ബ് അധികൃതര്‍. ഇതിന്റെ ഭാഗമായി പുതുതായി വികസിപ്പിച്ച 'നോര്‍ത്ത് സ്റ്റാന്‍ഡിന്' തങ്ങളുടെ വിടവാങ്ങുന്ന മാനേജരുടെ പേര് നല്കുന്ന കാര്യം ക്ലബ്ബിന്റെ പരിഗണനയിലുണ്ട്. സിറ്റിയില്‍ ഗ്വാര്‍ഡിയോളയുടെ കീഴില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുന്‍ ചെല്‍സി പരിശീലകന് എന്‍സോ മാരെസ്കയാണ് 55-കാരനായ പെപ്പിന് പകരക്കാരനാകാന്‍ മുന്‍പന്തിയിലുള്ളത്.
സിറ്റിയിലെ തന്റെ 10 വര്‍ഷത്തെ പരിശീലനത്തിനിടയില്‍ ആകെ 20 ട്രോഫികള്‍ സിറ്റി നേടിയിരുന്നു. 6 പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, ചാമ്പ്യന്‍സ് ലീഗ്, 3 എഫ്.എ കപ്പുകള്‍, 5 ഇ.എഫ്.എല്‍ കപ്പുകള്‍ ഉള്‍പ്പെടെ 17 പ്രധാന ട്രോഫികളും ഗ്വാര്‍ഡിയോള ക്ലബ്ബിന് നേടിക്കൊടുത്തു. ഈ സീസണില്‍ ഇതിനകം തന്നെ എഫ്.എ കപ്പും കാരബാവ കപ്പും സിറ്റിക്ക് നേടിക്കൊടുത്തിട്ടുണ്ട്. വില്ലയ്ക്കെതിരായ മത്സരത്തോടെ ഏഴാം പ്രീമിയര്‍ ലീഗ് കിരീടം കൂടി നേടി തന്റെ സിറ്റി കരിയര്‍ കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ പെപ്പിന് സാധിച്ചേക്കും.




