
ഭര്‍ത്താവിന്റെ സഹോദനുമായി പ്രണയിച്ച് ഒളിച്ചോടിയ യുവതി പുതിയ താമസസ്ഥലത്ത് വാടകയ്ക്ക് താമസിക്കാന്‍ എത്തിയയാളുമായി പ്രണയത്തിലായി രണ്ടാം ഭര്‍ത്താവിനെ വകവരുത്താന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തി. വാടകഗുണ്ട പരാജയപ്പെടുത്തിയതോടെ നിലവിലെ കാമുകനുമായി ചേര്‍ന്ന് കൊലപാതകം നടത്തി മൂന്നാമത്തെ കാമുകനൊപ്പം മൃതദേഹം കനാലില്‍ തള്ളി.
ഗുജറാത്തിലെ സുരേന്ദ്രനഗര്‍ എന്ന സ്ഥലത്ത് ഒരു സാധാരണ അപകടമരണമെന്ന് കരുതി പോലീസ് തള്ളിക്കളഞ്ഞ കേസാണ് അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് വിജയകരമായി തെളിയിച്ചത്. കേസില്‍ കുഴഞ്ഞുമറിഞ്ഞ ബന്ധങ്ങളാണ് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെയും കൃത്യമായ അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍, വ്യക്തിബന്ധങ്ങളെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചതാണെന്ന ഞെട്ടിക്കുന്ന സത്യം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പുറത്തുകൊണ്ടുവന്നു.
സുരേന്ദ്രനഗര്‍ ജില്ലയിലെ ധ്രാംഗധ്ര താലൂക്കിലെ സോള്‍ഡി ഗ്രാമത്തില്‍ താമസിച്ചിരുന്ന ശാന്തിഗിരി വിഷ്ണുഗിരി ഗോസ്വാമി എന്നയാളുടെ ദുരൂഹമായ കാണാതാകലും തുടര്‍ന്നുള്ള മരണവും സംബന്ധിച്ച് കേസാണ് തെളിഞ്ഞത്. സുരേന്ദ്രനഗറിലെ ഒരു കനാല്‍ പരിസരത്ത് നിന്ന് തിരിച്ചറിയാത്ത മൃതദേഹം കണ്ടെടുത്തതായിരുന്നു കേസിന്റെ തുടക്കം. അന്വേഷണം ആരംഭിച്ചതോടെയാണ് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന ശക്തമായ സൂചനകള്‍ പുറത്തുവന്നത്.
ജാഗൃതി ഗോസ്വാമിയുടെ ആദ്യ വിവാഹം സുഖ്‌ദേവ്ഗിരി ഗോസ്വാമിയുമായിട്ടായിരുന്നു, ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഭര്‍ത്താവിന്റെ മൂത്ത സഹോദരനായ ശാന്തിഗിരി ഗോസ്വാമിയുമായി ജാഗൃതി പിന്നീട് പ്രണയത്തിലാവുകയും, ആദ്യ ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് അദ്ദേഹത്തോടൊപ്പം ഒളിച്ചോടുകയും ചെയ്തു.
തുടര്‍ന്ന് ഇരുവരും വിവാഹിതരായി മറ്റൊരു ഗ്രാമത്തില്‍ പുതിയ ജീവിതം ആരംഭിച്ചപ്പോഴാണ് ഇവരുടെ വീടിന് തൊട്ടടുത്ത് കാന്തിലാല്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്. ശാന്തിഗിരി ഒരു ട്രക്ക് ഡ്രൈവറായിരുന്നതിനാല്‍ ആഴ്ചകളോളം വീട്ടില്‍ നിന്ന് മാറിനില്‍ക്കുമായിരുന്നു. ഇത് ഇരുവരും തമ്മില്‍ കുടുംബ വഴക്കിന് കാരണമായി. ഇതിനിടയില ശാന്തിഗിരിയുടെ അഭാവത്തില്‍ ജാഗൃതി കാന്തിലാലുമായി അടുത്തു. പിന്നീട്
ശാന്തിഗിരിയെ ഇല്ലാതാക്കാന്‍ ജാഗൃതിയും കാന്തിലാലും ചേര്‍ന്ന് യൂനിസ് എന്ന വാടകക്കൊലയാളിയെ 25,000 രൂപയ്ക്ക് ചുമതലപ്പെടുത്തി.
ഒരു രാത്രിയില്‍, ശാന്തിഗിരിയെ കൊല്ലുകയെന്ന ലക്ഷ്യത്തോടെ യൂനിസ് വീട്ടില്‍ അതിക്രമിച്ചു കയറിയെങ്കിലും ഉറങ്ങിക്കിടക്കുന്ന ശാന്തിഗിരിയെ കണ്ടപ്പോള്‍ ധൈര്യം ചോര്‍ന്നുപോയി. കൊലപാതകം നടത്തുന്നതിന് പകരം, ഉറങ്ങിക്കിടക്കുന്ന ശാന്തിഗിരിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി, ജോലി പൂര്‍ത്തിയായെന്ന് ജാഗൃതിയെ വിശ്വസിപ്പിക്കാന്‍ അയാള്‍ ആ ചിത്രം അയച്ചുകൊടുത്തു. ഭര്‍ത്താവ് മരിച്ചുവെന്ന് വിശ്വസിച്ച് ജാഗൃതി അയാള്‍ക്ക് പണം നല്‍കി. എന്നാല്‍ പിന്നീട് ട്രക്ക് ഡ്രൈവര്‍ ഉണര്‍ന്നതോടെയാണ് തങ്ങള്‍ പറ്റിക്കപ്പെട്ട വിവരം ഇവര്‍ അറിഞ്ഞത്.
വാടകക്കൊലപാതകം പരാജയപ്പെട്ടതോടെ, ശാന്തിഗിരിയെ ഇല്ലാതാക്കാന്‍ പ്രതികള്‍ തന്നെ ഗൂഢാലോചന നടത്തി. തുടര്‍ന്ന്് കാന്തിലാല്‍ ശാന്തിഗിരിയുടെ കഴുത്ത് ഞെരിക്കുകയും, ജാഗൃതി നിലവിളി പുറത്തുകേള്‍ക്കാതിരിക്കാന്‍ മുഖത്ത് തലയണ അമര്‍ത്തുകയും ചെയ്തു. അയല്‍വാസികള്‍ മൃതദേഹം കാണാതിരിക്കാന്‍ മുറിക്കുള്ളിലെ കട്ടിലിന് പിന്നില്‍ ഒളിപ്പിച്ചു. തുടര്‍ന്ന് മൃതദേഹം ഒഴുക്കിക്കളയാന്‍ ജാഗൃതിയുമായി പ്രണയത്തിലായിരുന്ന ദീപക് എന്ന മൂന്നാമതൊരു വ്യക്തിയുടെ സഹായം ഇവര്‍ തേടി.
ദീപക് ഒരു കാര്‍ ഏര്‍പ്പാട് ചെയ്യുകയും, തുടര്‍ന്ന് മൂവരും ചേര്‍ന്ന് ശാന്തിഗിരിയുടെ മൃതദേഹം സുരേന്ദ്രനഗറിലെ ഒരു കനാലില്‍ തള്ളുകയും ചെയ്തു. ഇത് ഒരു അപകടമരണമായി ചിത്രീകരിക്കാനായിരുന്നു ഇവരുടെ ശ്രമം. ശാന്തിഗിരി സ്വന്തം ഇഷ്ടപ്രകാരം ജോലിക്ക് പോയതാണെന്ന രീതിയില്‍ കിംവദന്തികള്‍ പ്രചരിപ്പിച്ചു. മാത്രമല്ല, സത്യം മൂടിവെക്കാന്‍ ഇവര്‍ പോലീസില്‍ കാണാതാകല്‍ പരാതിയും നല്‍കിയില്ല.
പിന്നീടാണ് ശാന്തിഗിരിയുടെ മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ കനാലില്‍ കണ്ടെത്തിയത്. പോലീസ് അപകടമരണമായി രേഖപ്പെടുത്തി. മാസങ്ങള്‍ കഴിഞ്ഞ് വിവിധ രഹസ്യവിവരങ്ങള്‍ കൃത്യമായി കോര്‍ത്തിണക്കി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഒടുവില്‍ മരിച്ചയാളുടെ വ്യക്തിത്വം തിരിച്ചറിയുകയും കൊലപാതകച്ചുരുള്‍ അഴിക്കുകയുമായിരുന്നു. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവയില്‍ പ്രധാന പങ്കുവഹിച്ചതിന് കാന്തിലാല്‍ സബരിയ, ജാഗൃതി ഗോസ്വാമി എന്നിവരെ മെയ് 18-ന് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.






