
അസമിലെ പ്രശസ്തമായ മാനസ് നാഷണല്‍ പാര്‍ക്കില്‍ ജംഗിള്‍ സഫാരിക്കിടെ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പിന് നേരെ കാണ്ടാമൃഗത്തിന്റെ അതിശക്തമായ ആക്രമണം. പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് നേരെ പെട്ടെന്ന് നടന്നടുത്ത കാണ്ടാമൃഗം, തന്റെ ശക്തമായ കൊമ്പുപയോഗിച്ച് വാഹനം തലകീഴായി മറിക്കാന്‍ ശ്രമിക്കുകയായിരുന്നു. കാണ്ടാമൃഗത്തിന്റെ തുടരെയുള്ള ഇടികളില്‍ ജീപ്പ് വന്‍തോതില്‍ കുലുങ്ങുന്നതും, ഉള്ളിലിരിക്കുന്ന യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിക്കുന്നതുമായ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
'അലി ആസിഫ് എസ്കെ ഒഫീഷ്യല്‍' എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വന്യജീവി സുരക്ഷയെക്കുറിച്ചും സഫാരി നിയമങ്ങളെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. സഫാരി ഓപ്പറേറ്റര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഈ അപകടത്തിന് കാരണമെന്നാണ് ഭൂരിഭാഗം ആളുകളും വിമര്‍ശിക്കുന്നത്. ജീപ്പ് കാണ്ടാമൃഗത്തിന്റെ തൊട്ടടുത്തേക്ക് കൊണ്ടുപോയതാണ് മൃഗത്തെ പ്രകോപിപ്പിച്ചതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
കാണ്ടാമൃഗത്തില്‍ നിന്ന് കൃത്യമായ അകലം പാലിക്കാതിരുന്ന ഡ്രൈവര്‍ക്കും ടൂര്‍ ഗൈഡിനുമെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന ആവശ്യം. ഇന്ത്യന്‍ കാണ്ടാമൃഗങ്ങള്‍ തങ്ങളുടെ പ്രദേശത്തിന്റെ കാര്യത്തില്‍ കടുത്ത സംരക്ഷണ സ്വഭാവമുള്ളവയാണെന്നും, അവയുടെ അടുത്ത് ഇങ്ങനെ നില്‍ക്കുന്നത് വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും വന്യജീവി പ്രേമികള്‍ മുന്നറിയിപ്പ് നല്കുന്നു. വിനോദസഞ്ചാരികളുമായി പോകുന്ന വാഹനങ്ങള്‍ വന്യമൃഗങ്ങളുടെ സ്വൈര്യവിഹാരത്തിന് തടസ്സം നില്ക്കുന്ന രീതിയില്‍ പെരുമാറുന്നത് തടയാന്‍ അധികൃതര്‍ കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.






