
നടന്‍ രവി മോഹന്റെ പത്രസമ്മേളനം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തന്റേയും ആര്‍തിയുടെയും ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും തനിക്കും കെനീഷയ്ക്കും നേരിടേണ്ടി വന്ന സൈബര്‍ ആക്രമണങ്ങളേയും കുറിച്ചായിരുന്നു രവി സംസാരിച്ചത്. പിന്നാലെ രവിക്ക് ശക്തമായ പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി റീഹാന.
തന്റെ സഹോദരനും രവിയെ പോലെ തന്നെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്നാണ് റീഹാന പറയുന്നത്. ഒടുവില്‍ സമ്മര്‍ദ്ദങ്ങളും സങ്കടങ്ങളും സഹിക്കാനാകാതെ 24-ാം വയസില്‍ അനിയന്‍ ആത്മഹത്യ ചെയ്തുവെന്നും റീഹാന പറയുന്നു. മനസാക്ഷിയില്ലാത്ത മൃഗങ്ങളാകരുതെന്നാണ് റീഹാന പറയുന്നത്.
പ്രസ് മീറ്റ് കണ്ടപ്പോള്‍ എന്റെ അനിയനെ ഓര്‍മ വന്നു. ഇന്ന് അവന്‍ ജീവിച്ചിരിപ്പില്ല. 24-ാമത്തെ വയസില്‍ അവന്‍ മരിച്ചു. അതൊരു ആത്മഹത്യയായിരുന്നു. ദാമ്പത്യ പ്രശ്‌നങ്ങളായിരുന്നു കാരണം. രവിയ്ക്ക് സംഭവിച്ചത് പോലെ തന്നെ. അറേഞ്ച് മാര്യേജ് ആയിരുന്നു. അവന് വേണ്ടി പെണ്‍കുട്ടിയെ കണ്ടെത്തിയത് ഞങ്ങളാണ്. കല്യാണത്തിന് ഒരു വര്‍ഷത്തെ ഗ്യാപ്പുണ്ടായിരുന്നു. ആ സമയത്ത് അവര്‍ പ്രണയത്തിലായി.
പക്ഷെ പെണ്‍കുട്ടി അഹങ്കാരിയും മറ്റുള്ളവരെ ബഹുമാനിക്കാത്തയാളും പരുക്കന്‍ സ്വഭാവക്കാരിയുമായിരുന്നു. എന്റെ അനിയന്‍ ശാന്തനും അന്തര്‍മുഖനുമായിരുന്നു. അവന്‍ ഒച്ചയിടാനെ ഇഷ്ടപ്പെട്ടിരുന്നില്ല. അവളുടെ ശബ്ദം അയല്‍വക്കം മുഴുവന്‍ കേള്‍ക്കും. അത് തിരിച്ചറിഞ്ഞപ്പോള്‍ അവനോട് കല്യാണത്തില്‍ നിന്നും പിന്മാറാന്‍ ഞങ്ങള്‍ പറഞ്ഞിരുന്നു. പക്ഷെ അവളെ തന്നെ കല്യാണം കഴിക്കണമെന്ന് അവന്‍ വാശി പിടിച്ചു. ഞങ്ങള്‍ സമ്മതിക്കില്ലെന്ന് കണ്ടപ്പോള്‍ അവന്‍ വിഷം കഴിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ഞങ്ങള്‍ കല്യാണത്തിന് സമ്മതിച്ചു.
അവര്‍ക്ക് ഒരു കുഞ്ഞുമുണ്ടായി. കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് അനിയന്‍ എന്റെ വീട്ടിലേക്ക് വന്നു. എന്റെ മുന്നിലിരുന്ന് കുറേ കരഞ്ഞു. നിങ്ങള്‍ പറഞ്ഞത് കേള്‍ക്കാതിരുന്നതിന്റെ ഫലമാണ് അനുഭവിക്കുന്നതെന്ന് പറഞ്ഞു. തലേ ദിവസം ഭാര്യ തന്നെ തല്ലിയതായി അവന്‍ പറഞ്ഞു. നീയെന്തിനാണ് എന്നെ കല്യാണം കഴിച്ചത്? നിന്റെ അമ്മയില്‍ തന്നെ ഒരു കുഞ്ഞിനെ ഉണ്ടാക്കാമായിരുന്നില്ലേ? എന്ന് അവള്‍ അവനോട് ചോദിച്ചത്രേ. അതോടെ അവന്‍ വീടു വിട്ടിറങ്ങി.
അതിന് ശേഷം ഏറെക്കാലം അവനെ നോക്കിയത് ഞാനാണ്. മൂന്നര വര്‍ഷം ഭാര്യയേയും കുഞ്ഞിനേയും പിരിഞ്ഞ് ജീവിച്ചു. പക്ഷെ കുഞ്ഞിനെ വിട്ട് ജീവിക്കാന്‍ അവന് സാധിച്ചിരുന്നില്ല. അതിനാല്‍ അവളുടെ എല്ലാ നിബന്ധനയും അംഗീകരിച്ച് തിരികെ പോയി. എന്നോട് സംസാരിക്കരുതെന്ന് അവള്‍ പറഞ്ഞിരുന്നു. എങ്കിലും അവന്‍ എന്നെ ഫോണ്‍ വിളിച്ചു. അത് അറിഞ്ഞപ്പോള്‍ അവള്‍ വഴക്കിട്ടു. എന്നെ കല്യാണം കഴിച്ചു കൂടായിരുന്നില്ലേ എന്ന് ചോദിച്ചു. അവള്‍ കുഞ്ഞിനേയും കൊണ്ട് വീട് വിട്ടിറങ്ങി. അതേ ദിവസം തന്നെ സങ്കടം സഹിക്കാനാകാതെ അവന്‍ ആത്മഹത്യ ചെയ്തു.
രവിയുടെ വിഡിയോയുടെ താഴെ ആളുകള്‍ മോശം കമന്റുകള്‍ പങ്കുവെക്കുന്നത് ഞാന്‍ കണ്ടു. കുട്ടികള്‍ക്ക് വേണ്ടി ഒരുമിച്ച് ജീവിക്കണമായിരുന്നുവെന്നാണ് ചിലര്‍ പറയുന്നത്. എന്റെ അനിയന്‍ കുഞ്ഞിനെയോര്‍ത്ത് ഭാര്യയുടെ കൂടെ ജീവിച്ചതാണ്. പക്ഷെ ഒടുവില്‍ സ്വന്തം ജീവനെടുക്കേണ്ടി വന്നു. അവള്‍ മറ്റൊരു വിവാഹം കഴിക്കുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്നു. എനിക്ക് എന്റെ അനിയനെ നഷ്ടമായി.
ഒരാള്‍ മരിച്ച ശേഷം മാത്രമേ ആളുകള്‍ സത്യം മനസിലാക്കാന്‍ ശ്രമിക്കുകയുള്ളൂവെന്ന് തോന്നുന്നു. രവി സാര്‍ മുന്നോട്ട് പോകാനും കെനീഷയ്‌ക്കൊപ്പം പുതിയൊരു ജീവിതം പടുത്തുയര്‍ത്താനും ശ്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ആർക്കാണ് അവകാശം? എന്റെ അനിയന് സംഭവിച്ചതും സമാനമായതിനാല്‍ എനിക്ക് രവി സാറിന്റെ സാഹചര്യം മനസിലാകും. ഹൃദയമില്ലാത്ത മൃഗങ്ങളാകരുത്. മറ്റുള്ളവരുടെ വേദന മനസിലാക്കാനും ശ്രമിക്കൂ- റീഹാനയുടെ വാക്കുകള്‍.






