ഓസ്ലോ: നോര്‍വേ സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിനും മറുപടി നല്‍കാതെ വേദിയില്‍നിന്ന് ഇറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചും ചോദ്യശരങ്ങള്‍ തൊടുത്തും പ്രാദേശിക ദിനപത്രം ഡാഗ്‌സാവിസനിലെ നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തക ഹെല്ലെ ലിങ്. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ പ്രത്യേക പത്രസമ്മേളനം വിളിച്ച് വിദേശകാര്യ സെക്രട്ടറി മലയാളിയായ സിബി ജോര്‍ജും മന്ത്രാലയ ഉദ്യോഗസ്‌ഥരുമാണ് മാധ്യമങ്ങളെ നേരിട്ടത്.
നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്‌റ്റോറിനൊപ്പം നടത്തിയ സംയുക്‌ത വാര്‍ത്താസമ്മേളനത്തിനിടെയാണ് പ്രധാനമന്ത്രി മോദിക്കുനേരേ ചോദ്യങ്ങളെത്തിയത്. ഇതിനോടു മുഖംതിരിച്ച് മോദി വേദിവിടുകയും ചെയ്‌തു. ''പ്രധാനമന്ത്രി മോദി, ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ മാധ്യമങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ നിങ്ങള്‍ എന്തുകൊണ്ട് ഗൗനിക്കുന്നില്ല എന്ന് മാധ്യമപ്രവര്‍ത്തകയായ ഹെല്ലെ ലിങ് വിളിച്ചുചോദിച്ചെങ്കിലും ഉത്തരമുണ്ടായില്ല.ഇതിന്റെ വീഡിയോ ഉള്‍പ്പെടെ പിന്നീട് അവര്‍ എക്‌സില്‍ പോസ്‌റ്റ് ചെയ്‌തു. ''ഇന്ത്യന്‍ പ്രധാനമന്ത്രി എന്റെ ചോദ്യം സ്വീകരിക്കില്ല. അദ്ദേഹം അത് പ്രതീക്ഷിക്കുന്നില്ല. ലോക പത്രസ്വാതന്ത്ര്യ സൂചികയില്‍ നോര്‍വേ ഒന്നാം സ്‌ഥാനത്താണ്. ഇന്ത്യ 157-ാം സ്‌ഥാനത്തും- ഇതായിരുന്നു ലിങ്ങിന്റെ എക്‌സിലെ കുറിപ്പ്. ലിങ്ങിന്റെ പോസ്‌റ്റ് വന്നതും മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പത്രസമ്മേളനം സംഘടിപ്പിക്കുമെന്നും അവിടെ വന്ന് ലിങ്ങിന് ചോദ്യങ്ങള്‍ ചോദിക്കാമെന്നും നോര്‍വേയിലെ ഇന്ത്യന്‍ എംബസി പ്രതികരിച്ചു.മോദിയില്‍നിന്ന് വ്യത്യസ്‌തമായി, നോര്‍വീജിയന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയും നല്‍കി. പിന്നീട്, ഓസ്ലോയിലെ റാഡിസണ്‍ ബ്ലൂ പ്ലാസ ഹോട്ടലില്‍ ഇന്ത്യന്‍ വിദേശമന്ത്രാലയ ഉദ്യോഗസ്‌ഥര്‍ നടത്തിയ പത്രസമ്മേളനത്തില്‍, ലിങ് വിട്ടുകൊടുക്കാന്‍ തയാറായതുമില്ല.
'നോര്‍വേ- ഇന്ത്യ പങ്കാളിത്തം ശക്‌തിപ്പെടുത്തുമ്പോള്‍ ഞാന്‍ ആശ്‌ചര്യപ്പെടുന്നു- ഞങ്ങള്‍ നിങ്ങളെ എന്തിന് വിശ്വസിക്കണം? ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തടയാന്‍ ശ്രമിക്കുമെന്ന് നിങ്ങള്‍ക്ക് വാഗ്‌ദാനം ചെയ്യാന്‍ കഴിയുമോ? ഭാവിയില്‍ എന്നെങ്കിലും ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിന്ന് വിമര്‍ശനാത്മകമായ ചോദ്യങ്ങള്‍ സ്വീകരിക്കാന്‍ മോദി തയാറാകുമോ?'- അവര്‍ ചോദിച്ചു.ഇന്ത്യയുടെ അയ്യായിരം വര്‍ഷത്തെ നാഗരികത, ചെസിന്റെ ഉത്ഭവം, പൂജ്യം എന്ന ആശയം, യോഗ, ജി 20 യില്‍ ഇന്ത്യയുടെ പങ്ക്, കോവിഡ് വാക്‌സിന്‍ നയതന്ത്രം, ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം എന്നിവയെ സ്‌പര്‍ശിച്ചുള്ള മറുപടിയാണ് സിബി ജോര്‍ജ് നല്‍കിയത്. ഇതിനിടയില്‍ ലിങ് വീണ്ടും ഇടപെട്ടു.''ഞാന്‍ ഉത്തരം നല്‍കട്ടെ,'' അദ്ദേഹം പറഞ്ഞു, ''എപ്പോള്‍ ഉത്തരം നല്‍കണം, എവിടെ ഉത്തരം നല്‍കണം, എങ്ങനെ ഉത്തരം നല്‍കണം എന്നതൊക്കെ എന്റെ അവകാശങ്ങളില്‍പ്പെട്ടതാണ്. നിങ്ങള്‍ ചോദ്യം ചോദിക്കുന്നു, പക്ഷേ, ഒരു പ്രത്യേക രീതിയില്‍ ഉത്തരം നല്‍കാന്‍ എന്നോട് ആവശ്യപ്പെടരുത്. ദയവായി എന്നെ തടസപ്പെടുത്തരുത്. ഇത് എന്റെ പത്രസമ്മേളനമാണ്. ''- അദ്ദേഹം പറഞ്ഞു.വിമര്‍ശകര്‍ അടിസ്‌ഥാനപരമായി ഇന്ത്യയുടെ മാധ്യമ പരിതസ്‌ഥിതി മനസിലാക്കുന്നില്ലെന്ന് പത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ സിബി ജോജ് പറഞ്ഞു. ''ഡല്‍ഹിയില്‍ എല്ലാ ദിവസവും എത്ര ബ്രേക്കിംഗ് ന്യൂസ് വരുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ഇംീഷിലും ഹിന്ദിയിലുമൊക്കെയായി കുറഞ്ഞത് 200 ടിവി ചാനലുകള്‍. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഭരണഘടന നമുക്കുണ്ട്. അവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍, ജനങ്ങള്‍ക്ക് കോടതിയില്‍ പോകാനുള്ള അവകാശമുണ്ട്.'' 1947-ല്‍ സ്വാതന്ത്ര്യലബ്‌ധിയോടെ, മറ്റ് പല രാജ്യങ്ങളിലെയും സ്‌ത്രീകളെക്കാള്‍ മുമ്പ് ഇന്ത്യന്‍ സ്‌ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.''മനുഷ്യാവകാശ ലംഘനങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യയെ വിശ്വസിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സന്ദര്‍ശനത്തെക്കുറിച്ചുമാണ് ചോദിച്ചതെന്നു ലിങ് പത്രസമ്മേളനശേഷം പറഞ്ഞു. മനുഷ്യാവകാശങ്ങളെക്കുറിച്ച് വ്യക്‌തമായി പറയാന്‍ ഞാന്‍ പലതവണ നിര്‍ബന്ധിച്ചു. പക്ഷേ കോവിഡ് കാലത്ത് ഇന്ത്യയുടെ ഇടപെടലുകളക്കുറിച്ചും യോഗയെക്കുറിച്ചുമൊക്കെയാണ് പ്രതിനിധികള്‍ സംസാരിച്ചത്.''ഇന്ത്യന്‍ പ്രതിനിധികളുടെ മറുപടിക്കിടെ ലിങ് വാര്‍ത്താസമ്മേളന മുറിവിട്ട് പുറത്തുപോയതിനെതിരേയും വിമര്‍ശനവര്‍ഷമുണ്ടായി. വെള്ളം കുടിക്കാന്‍ പോയതാണെന്നായിരുന്നു ഇതിനു ലിങ്ങിന്റെ മറുപടി. മറുവശത്ത്, മോദി ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറിയത് ഇന്ത്യയിലും വിമര്‍ശനങ്ങള്‍ക്കിടയാക്കി. ഒളിച്ചുവയ്‌ക്കാന്‍ ഒന്നുമില്ലെങ്കില്‍ ഭയചകിതനാകേണ്ട സാഹചര്യമില്ലെന്നായിരുന്നു പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ എക്‌സിലെ പ്രതികരണം. ഒരുചോദ്യത്തിനു മുന്നില്‍ പരിഭ്രാന്തനായി പ്രധാനമന്ത്രി ഓടിയൊളിക്കുന്നതു കാണുമ്പോള്‍ ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ പ്രതിഛായയ്‌ക്ക് എന്തു സംഭവിക്കുമെന്നും രാഹുല്‍ ആരാഞ്ഞു. സംയുക്‌ത വാര്‍ത്താസമ്മേളനത്തില്‍ നോര്‍വീജിയന്‍ പ്രധാനമന്ത്രിയും ചോദ്യങ്ങളോടു പ്രതികരിച്ചില്ലെന്ന് ബി.ജെ.പിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു.




