ന്യൂഡല്‍ഹി: നോയിഡയിലെ തൊഴിലാളി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ രണ്ടു പ്രതികളെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ തുടരാന്‍ അനുവദിച്ച് സുപ്രീം കോടതി. ഉത്തര്‍പ്രദേശ് പോലീസ് കസ്‌റ്റഡിയില്‍ പീഡിപ്പിച്ചെന്നാരോപിച്ച് ഇവരുടെ കുടുംബാംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്‌റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്‌ജല്‍ ഭുയാന്‍ എന്നിവരടങ്ങളിയ ബെഞ്ചിന്റെ ഉത്തരവ്.
കോടതിയുടെ നിര്‍ദേശപ്രകാരം നേരിട്ടു ഹാജരാക്കിയ ആദിത്യ ആനന്ദ്, രൂപേഷ് റോയി എന്നിവരുമായി ആശയവിനിമയം നടത്തിയശേഷമാണ് സുപ്രീം കോടതി ഈ ഉത്തരവ് പുറത്തിറക്കിയത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്നും കോടതി പ്രതികളോട് നിര്‍ദേശിച്ചു.
'രണ്ടു കക്ഷികളുടെയും അഭിഭാഷകരുടെ വാദം കേട്ടു. ഈ വിഷയം കൂടുതല്‍ പരിഗണിക്കുന്നതുവരെ ആദിത്യ ആനന്ദ്, രൂപേഷ് റോയ് എന്നിവരുടെ ജുഡീഷ്യല്‍ കസ്‌റ്റഡി തുടരാന്‍ നിര്‍ദേശിക്കുന്നു'- ഉത്തരവില്‍ സുപ്രീം കോടതി വ്യക്‌തമാക്കി. ആദിത്യ ആനന്ദിന്റെ സഹോദരന്‍ കേശവ് ആനന്ദാണ് പോലീസ് മര്‍ദനം ആരോപിച്ച് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ മാസം നോയിഡയിലെ തൊഴിലാളികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ചാണ് സോഫ്‌റ്റ്‌വേര്‍ എന്‍ജിനീയറായ ആദിത്യയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. തുടര്‍ന്ന് യു.പി. പോലീസ് ആദിത്യയെ കസ്‌റ്റഡിയില്‍വച്ച് ക്രൂരമായി പീഡിപ്പിച്ചതായി ഹര്‍ജിയില്‍ പറയുന്നു. ആദിത്യയെക്കൂടാതെ അറസ്‌റ്റിലായ രൂപേഷ് റോയ് ഓട്ടോറിക്ഷാ ൈഡ്രവറാണ്. പ്രതികളെ കസ്‌റ്റഡിയില്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ പോലീസ് കസ്‌റ്റഡിയില്‍ വിടരുതെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് വാദിച്ചു. കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും പ്രതികള്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ തുടരുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ആദിത്യ ആനന്ദ്, രൂപേഷ് റോയ് എന്നിവരുമായി കോടതി സംവദിച്ചു.പോലീസ് കസ്‌റ്റഡിയില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ചും നിയമവിരുദ്ധമായ പെരുമാറ്റത്തെക്കുറിച്ചും ഇരുവരും കോടതിയെ അറിയിച്ചു. പ്രതികളോട് ഈ രീതിയില്‍ പെരുമാറരുതെന്ന് കോടതി നിരീക്ഷിച്ചു. എല്ലാവരോടും മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തുമെന്ന് യു.പി. സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് പ്രതികളുടെ ജുഡീഷ്യല്‍ കസ്‌റ്റഡി തുടരാന്‍ കോടതി ഉത്തരവിട്ടത്.




