ടെഹ്‌റാന്‍: ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പല്‍പ്പാതയായ ഹോര്‍മുസ് കടലിടുക്കിന്മേല്‍ തങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇറാന്‍. 'പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയിറ്റ് അതോറിറ്റി' (പി.ജി.എസ്.എ) എന്ന പേരില്‍ പുതിയ ഏജന്‍സിക്ക് രൂപം നല്‍കിയതായും തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും ഇനി ഈ വഴി കടന്നുപോകാനാകില്ലെന്നും ഇറാന്‍ പ്രഖ്യാപിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്‌തു.
ഹോര്‍മുസ് കടലിടുക്കിലെ നടപടികളെയും പുതിയ സംഭവവികാസങ്ങളെയും കുറിച്ച് പി.ജി.എസ്.എ. സമയാസമയം വിവരം നല്‍കുമെന്ന് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഔദ്യോഗിക 'എക്‌സ്' അക്കൗണ്ടിലൂടെ അറിയിച്ചു. ഇസ്ലാമിക് റെവലൂഷണി ഗാര്‍ഡ് കോറിന്റെ നാവികവിഭാഗവും ഇതേകാര്യം 'എക്‌സി'ലൂടെ പുറത്തുവിട്ടു.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കാനുള്ള പൂര്‍ണവും നിയമപരമായ അധികാരവും ഇനി തങ്ങള്‍ക്കാണെന്ന് പി.ജി.എസ്.എ. പോസ്‌റ്റിലൂടെ വ്യക്‌തമാക്കി. ഈ വഴി കടന്നുപോകാന്‍ കപ്പല്‍ കമ്പനികള്‍ കടുത്ത നിബന്ധനകള്‍ പാലിക്കേണ്ടി വരും. കപ്പലിന്റെ ഐഡന്റിഫിക്കേഷന്‍ നമ്പര്‍, പുറപ്പെടുന്ന സ്‌ഥലം, ലക്ഷ്യസ്‌ഥാനം, കാര്‍ഗോ വിവരങ്ങള്‍, ജീവനക്കാരുടെയും കപ്പല്‍ ഉടമകളുടെയും ഓപ്പറേറ്റര്‍മാരുടെയും ദേശീയത ഉള്‍പ്പെടെയുള്ള നാല്‍പ്പതോളം വിവരങ്ങള്‍ മുന്‍കൂട്ടി സമര്‍പ്പിക്കണം.
ഔദ്യോഗികമായി നിരക്കുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ചില കപ്പലുകള്‍ ഒരു തവണ കടന്നുപോകുന്നതിനായി 20 ലക്ഷം ഡോളര്‍ (ഏകദേശം 19 കോടി രൂപ) വരെ ഇതിനകം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഈ തുക ചൈനീസ് കറന്‍സിയായ 'യുവാന്‍' മുഖേനയാണ് ഈടാക്കുന്നത്.
ഇറാന്‍ അധികൃതര്‍ നിശ്‌ചയിച്ചിട്ടുള്ള അതിര്‍ത്തിക്കുള്ളിലൂടെയുള്ള കപ്പല്‍ യാത്രകള്‍ക്ക് ഇറാന്റെ സായുധ സേനയുമായും അനുബന്ധ ഏജന്‍സികളുമായും 'പൂര്‍ണമായ ഏകോപനം' ആവശ്യമാണെന്നും അനുമതിയില്ലാതെയുള്ള പ്രവേശം നിയമവിരുദ്ധമായി കണക്കാക്കുമെന്നും പി.ജി.എസ്.എ. വ്യക്‌തമാക്കി. ഇറാന്റെ പാര്‍ലമെന്ററി നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം അസീസി ഇക്കാര്യത്തില്‍ നിലപാട് വ്യക്‌തമാക്കിയിട്ടുണ്ട്. ഇറാനുമായി സഹകരിക്കുന്ന വാണിജ്യ കപ്പലുകള്‍ക്ക് മാത്രമേ ഈ പാത ഉപയോഗിക്കാന്‍ അനുവാദമുണ്ടാകൂ എന്നും, യു.എസ് നേതൃത്വം നല്‍കുന്ന 'ഫ്രീഡം പ്ര?ജക്‌ട്' കപ്പലുകള്‍ക്കായി ഈ പാത അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാന്റെ ഏകപക്ഷീയമായ നീക്കത്തെ രാജ്യാന്തര സമൂഹം തള്ളി. ഐക്യരാഷ്‌ട്ര സംഘടനയുടെ കടല്‍ നിയമ ഉടമ്പടി അനുസരിച്ച്, കപ്പല്‍ ഗതാഗതത്തിനുള്ള 'ട്രാന്‍സിറ്റ് പാസേജ്' തത്വത്തിനു കീഴിലാണ് ഹോര്‍മുസ് കടലിടുക്ക് വരുന്നത്. ഇറാന്‍ ഈ ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടുണ്ടെങ്കിലും ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇറാന്റെ ഈ പുതിയ നികുതി പിരിവ് നിയമവിരുദ്ധമാണെന്ന് അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവര്‍ വ്യക്‌തമാക്കിയതായി സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ രാജ്യാന്തര കപ്പല്‍ ഗതാഗതവും വിപണിയും വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.





