ഇതു യു.പിയല്ല, കേരളമാണ്. മനുഷ്യാവകാശത്തിന്റെയും നീതിനിഷേധത്തിന്റെയും കാര്യത്തില്‍ പലപ്പോഴും കേരളത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന വാക്കുകളാണ് ഇത്. ഭരണകൂടം മനുഷ്യാവകാശവും നീതിയും പൗരനു നിഷേധിച്ചാല്‍ അത് നേടിയെടുക്കാന്‍ യു.പിയേക്കാള്‍ പ്രയാസമാണു കേരളത്തിലെന്നു വ്യക്തമാക്കുന്നതാണ് ആലപ്പുഴയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് രക്ഷാപ്രവര്‍ത്തനമെന്നു വിശേഷിപ്പിച്ച 'ഗണ്മാന്മാരുടെ' ആക്രമണത്തിന്റെ അന്വേഷണവും നടപടികളും.
2023 ഡിസംബര്‍ അഞ്ചിനു വൈകിട്ടായിരുന്നു കേരള മനഃസാക്ഷിയെ ഞെട്ടിച്ച സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആക്രമണം. നവകേരള സദസ് പരിപാടിക്കു വന്ന മുഖ്യമന്ത്രിയുടെ ബസിനു മുന്നില്‍ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ് എന്നിവര്‍ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചു. ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനു സമീപമുണ്ടായ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍നിന്നു ചാടിയിറങ്ങിയ ഗണ്‍മാനും സംഘവും ഇരുവരെയും വളഞ്ഞിട്ട് അതിക്രൂരമായി മര്‍ദിച്ചു.
ഈ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ടു പരാതിയുമായി പോയെങ്കിലും ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു എന്നതൊഴിച്ചാല്‍ എ.ഡി. തോമസിനും അജയ് ജുവല്‍ കുര്യാക്കോസിനും മുന്നില്‍ നീതിയുടെ എല്ലാ വാതിലുകളും അതിക്രൂരമായി കൊട്ടിയടയ്ക്കപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ഗണ്മാന് അനില്‍കുമാര്‍, സുരക്ഷാ ജീവനക്കാരന് സന്ദീപ് എന്നിവരെ കുറ്റവിമുക്തരാക്കി റിപ്പോര്‍ട്ട് നല്കുകയാണുണ്ടായത്. തുടര്‍ന്ന് ഇരുവരും കോടതിയില്‍ പോയതിനെത്തുടര്‍ന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍, കോടതിയുത്തരവുണ്ടായിട്ടും പിണറായി സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിച്ചില്ല.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ ഈ കേസില്‍ തുടരന്വേഷണത്തിനു നടപടിയാകുകയും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്തിരിക്കുന്നു. മര്‍ദനമേറ്റ എ.ഡി. തോമസ് ആലപ്പുഴയില്‍നിന്ന് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഇതിനെ എല്ലാവര്ക്കും കിട്ടുന്ന സ്വാഭാവികവും നിരുപാധികവുമായ നീതിയെന്നു വിശേഷിപ്പിക്കാനാകില്ല. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഭാഗ്യം എന്നു വിശേഷിപ്പിക്കേണ്ടി വരും. നീതി നിഷേധിക്കപ്പെടുന്നവരില്‍ ആര്‍ക്കും ഇത്തരമൊരു ഭാഗ്യം ലഭിക്കില്ല;കാരണം അതു ലോട്ടറിയേക്കാര് വലിയ ഭാഗ്യമാണ് എന്നതുതന്നെ. കേരളത്തിലെ പ്രതിപക്ഷ കക്ഷിയുടെ പിന്തുണയുണ്ടായിട്ടുപോലും അധികാര കേന്ദ്രങ്ങളില്‍നിന്നു നീതിയുറപ്പാക്കാന്‍ ഭരണം മാറേണ്ടിവന്നു എന്ന കാര്യം പ്രബുദ്ധരെന്നു സ്വയം വിശേഷിപ്പിക്കുന്ന നാം ചിന്തിക്കേണ്ടതാണ്. ഇതു നീതി നിഷേധിക്കപ്പെടുന്ന പതിനായിരങ്ങളില്‍ ഒരാളുടെ ചെറിയ കേസ് മാത്രമാണ്. അധികാര കേന്ദ്രങ്ങളാല്‍ ചവിട്ടിയരയ്ക്കപ്പെട്ടു നീതിക്കുവേണ്ടി കോടതി വരാന്തകളില്‍ ജീവനും സ്വത്തും ഹോമിക്കപ്പെടുന്നവര്‍ ആയിരങ്ങളാണ്. കോടതി ഉത്തരവുണ്ടായാലും രാഷ്ട്രീയ നേതൃത്വങ്ങള്‍കൂടി കനിയണമെന്നതു നീതിന്യായ വ്യവസ്ഥകളെപ്പോലും വെല്ലുവിളിക്കുന്നതാണ്. അതിനുമപ്പുറം വേണ്ടപ്പെട്ടവര്‍ക്കുവേണ്ടി സര്‍ക്കാര്‍ഭാഗം കോടതിയില്‍ മൗനമവലംബിക്കുമ്പോള്‍ നീതിനിയമങ്ങള്‍ ചവിട്ടിയരയ്ക്കപ്പെടും.
ഈ നീതിനിഷേധത്തിന്റെ മറുപുറമാണു കഴിഞ്ഞ ദിവസം തലശേരി ഫസല്‍ വധക്കേസില്‍ എറണാകുളം സി.ബി.ഐ. പ്രത്യേക കോടതി രണ്ടിനു മുമ്പാകെ നടന്ന വിസ്താരത്തിനിടെ ഉണ്ടായ നാടകീയ സംഭവങ്ങള്‍;കേസിലെ നിര്‍ണായക തെളിവായ രക്തം പുരണ്ട തൂവാല കോടതിയില്‍നിന്നു കാണാതായിരിക്കുന്നു! തൂവാല സൂക്ഷിച്ച ബ്രൗണ്‍ കടലാസ് കവറിനു മുകളില്‍ 'ടൗവല്‍ കാണുന്നില്ല, എലി കരണ്ടു കൊണ്ടുപോയി' എന്ന് എഴുതിവച്ചിരിക്കുന്നു!
ഫസല്‍ കേസില്‍ തലശേരി നഗരസഭ കൗണ്‍സിലറായ കാരായി ചന്ദ്രശേഖരന് ഏഴാം പ്രതിയാണ്. പ്രതി കാരായി രാജന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടയാളുമാണ്. പ്രതികളൊക്കെ ഈ രീതിയിലുള്ള രാഷ്ട്രീയബന്ധങ്ങളും സ്വാധീനങ്ങളുമുള്ളവരുമാണെന്നതുകൂടി ചേര്‍ത്തുവായിക്കുമ്പോഴാണ് എലിയുടെ കടന്നുവരവ് ആസൂത്രിതമെന്നു സംശയിക്കപ്പെടേണ്ടി വരുന്നത്. 2006 ഒക്ടോബര്‍ 22 നാണ് ഫസല്‍ കൊല്ലപ്പെടുന്നതെന്നുകൂടി ചിന്തിക്കണം.
ഇരകള്‍ക്കു ലഭിക്കേണ്ട നീതി സ്വാഭാവികമായിരിക്കണം. അത് ആരുടെയും കനിവുകൊണ്ടോ ഔദാര്യംകൊണ്ടോ ലഭിക്കുന്നതാകരുത്. അതു വാതില്‍പ്പടിക്കല്‍ എത്തിക്കാനായാല്‍ കുറേക്കൂടി നല്ലത്. ആ നീതിനടപ്പാക്കലാണ് ഒരു സര്‍ക്കാരിന്റെ പ്രധാന കര്‍ത്തവ്യം. അത് ആരും അറിഞ്ഞോ അറിയാതെയോ മറക്കാതിരിക്കുമ്പോഴാണ് നീതിനിഷ്ഠമായ ഒരു സര്‍ക്കാര്‍ ഉണ്ടാകുന്നത്.





