പ്രകൃതിയിലെ പ്രത്യുല്പാദന പ്രക്രിയയില്‍ വൈവിദ്ധ്യത്തിന്റെ നിറച്ചാര്‍ത്ത് നല്കുന്ന ജീവജാലങ്ങളാണ് തേനീച്ചകള്‍. പ്രകൃതിയുടെ സന്തുലിനാവസ്ഥ നിലനിര്‍ത്തുക, പ്രകൃതിയെ പരിപോഷിപ്പിക്കുകയും പരിരക്ഷിക്കുകയും ചെയ്യുക എന്നീ കാര്യങ്ങളില്‍ തേനീച്ചകള്‍ വഹിക്കുന്ന പങ്കിനെ അടിസ്ഥാനപ്പെടുത്തി ഐക്യരാഷ്ട്രസഭ 2017ലാണ് മേയ് 20 ലോക തേനീച്ച ദിനമായി പ്രഖ്യാപിച്ചത്. ആധുനിക തേനീച്ചവളര്‍ത്തലിന്റെ തുടക്കക്കാരന് എന്നറിയപ്പെടുന്ന ആന്റണ്‍ ജെര്സായുടെ ജന്മദിനമാണ് മേയ് 20. ഭൂമിക്കും മണ്ണിനും പ്രകൃതിക്കും വേണ്ടി തേനീച്ചകളോടൊപ്പം ഒന്നിക്കാം എന്നതാണ് ഈ വര്‍ഷത്തെ ലോക തേനീച്ച ദിനത്തിന്റെ സന്ദേശം.
ഇന്ന് തേനീച്ചകള്‍ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. ആവാസവ്യവസ്ഥയില്‍ ഉണ്ടായ വ്യതിയാനം, കീടനാശിനികള്‍/കളനാശിനികള്‍ എന്നിവയുടെ അനിയന്ത്രിതമായ ഉപയോഗം, വിവിധതരം രോഗകീടബാധ എന്നിവ മൂലം തേനീച്ചകളുടെ അംഗസംഖ്യ കുറയുകയാണ്.
പ്രകൃതിയും തേനീച്ചയും
മനുഷ്യരാശി ആഹാരത്തിനായി ഉപയോഗിക്കുന്ന 70 ശതമാനത്തോളം ചെടികളും തേനീച്ചയുടെ പരാഗണത്തിലൂടെ ഉദ്പാദിപ്പിക്കപ്പെടുന്നവയാണ്. തേനീച്ച ഇല്ലാതായാല്‍ ഭൂമി ഒരു മരുഭൂമിയാകാന്‍ നാലുവര്‍ഷം മതിെയന്നാണ് ആല്‍ബര്‍ട്ട് ഐന്സ്റ്റീന് വിലയിരുത്തിയത്.
സപുഷ്പികളായ ചെടികളിലും മറ്റ് വൃക്ഷങ്ങളിലും പഴങ്ങളും വിത്തുകളും രൂപാന്തരപ്പെടുന്നതിന് പരാഗണം അനിവാര്യമായ പ്രവര്‍ത്തനമാണ്. പൂവിലെ പുരുഷ പ്രത്യുല്‍പ്പാദന അവയവമായ കേസരത്തില്‍ (ആന്തറി) നിന്ന് പുരുഷബീജ കോശങ്ങളായ പരാഗരേണുക്കള്‍ സ്ത്രീ പ്രത്യുത്പാദന അവയവമായ വര്‍ത്തികാഗ്രത്തില്‍ വീഴുകയോ അതേ ഇനത്തില്‍പ്പെട്ട മറ്റ് പുഷ്പങ്ങളിലെ വര്ത്തികാഗ്രത്തിലേക്ക് പരാഗണകാരികള്‍ വഴി പരിവാഹനം ചെയ്യപ്പെടുകയോ ചെയ്യുന്ന പ്രക്രിയയ്ക്ക് പരാഗണം എന്നു പറയുന്നു.
ഒരു ഷഡ്പദം പൂവിലേക്ക് വന്നാല്‍ അതിനാവശ്യമായ പൂമ്പൊടി മാത്രമേ ശേഖരിക്കാറുള്ളു. തേനീച്ചകളുടെ സ്ഥിതി മറിച്ചാണ്. തന്റെ കോളനിയിലെ പതിനായിരക്കണക്കിന് വരുന്ന അംഗങ്ങള്‍ക്കും സമീപഭാവിയില്‍ വിരിഞ്ഞിറങ്ങുന്ന പുതിയ തേനീച്ചകള്‍ക്കും ആവശ്യമായ പൂമ്പൊടി മുഴുവന്‍ ശേഖരിക്കുന്നതിനായി കൂടുതല്‍ സമയം പൂക്കളില്‍ ചെലവഴിക്കുന്നത് പരാഗണത്തെ പരിപോഷിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതുമൂലം ഉത്പാദനക്ഷമത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ആയിരക്കണക്കിന് പരാഗരേണുക്കള്‍ ആവാഹിച്ചെടുക്കാന്‍ കഴിയുന്ന രോമാവൃതമായ ശാരീരിക ഘടന തേനീച്ചകള്ക്കുള്ളതിനാല് കൂടുതല്‍ പരാഗണരേണുക്കള്‍ പൂക്കളില്‍ നിക്ഷേപിക്കാന്‍ അനായാസം സാധിക്കുന്നു.
ലോകത്താകമാനം 20,000-ത്തില്‍പ്പരം ഇനം തേനീച്ചകളുണ്ട്. അവയില്‍ തേന്‍ ശേഖരിച്ച് സംസ്കരിച്ച് ഭാവി ആവശ്യത്തിനായി സൂക്ഷിക്കുന്ന അഞ്ച് വിഭാഗം തേനീച്ചകള്‍ മാത്രമേയുള്ളു. തേന്‍ ശേഖരിച്ച് സംസ്കരിച്ച് ഭാവി ആവശ്യത്തിനായി സൂക്ഷിക്കുന്ന അഞ്ച് വിഭാഗങ്ങളില്‍ നാലെണ്ണവും നമ്മുടെ സംസ്ഥാനത്തിന്റെ തനത് പശ്ചാത്തലത്തില്‍ ജീവിക്കുന്നവയാണ്.
സമ്മിശ്ര സങ്കലിത കുടുംബ ഘടന
തേനീച്ച കുടുംബത്തില്‍ റാണി തേനീച്ച, പെണ് തേനീച്ചകള്‍, ആണ് തേനീച്ച എന്നീ വിഭാഗങ്ങള്‍ കാണപ്പെടുന്നു. ഇവയുടെ അംഗസംഖ്യ ഒരു പ്രത്യേക അനുപാതത്തില്‍ ക്രമപ്പെടുത്തിയിട്ടുണ്ട്. ഒരു റാണിയും ആയിരത്തില്‍പരം പെണ് ഈച്ചകളും നൂറില്‍ താഴെ ആണ് ഈച്ചകളും അടങ്ങിയ ഒരു സമ്മിശ്ര-സങ്കലിത കുടുംബഘടനയാണ് തേനീച്ചകള്‍ക്കുള്ളത്. ഓരോ അംഗത്തിന്റെയും ജനനം, ആകാരം, രൂപം, ജീവിതദൈര്‍ഘ്യം, ജീവിതരീതി, ജീവിതവൈശ്ലേഷം എന്നിവ വ്യത്യസ്തമായിരിക്കും. പെണ് ഈച്ചകളും റാണിയും സ്ത്രീ വിഭാഗത്തില്‍പ്പെട്ടതാണെങ്കിലും പെണ് ഈച്ചകള്‍ക്ക് ബീജസങ്കലനം നടന്ന മുട്ട നിക്ഷേപിക്കാനുള്ള കഴിവില്ല.
നിത്യയൗവ്വനത്തിന് റോയല്‍
ജെല്ലിയെന്ന വിശിഷ്ഠാഹാരം
തേനീച്ചകള്‍ പൊതുവേ തേനും പൂമ്പൊടിയുമാണ് കഴിക്കുന്നത്. എന്നാല്‍, പുതിയ റാണിയെ നിര്‍മിച്ചെടുക്കുന്നതിനായി ബീജസങ്കലനം നടന്ന മുട്ട വിരിഞ്ഞുവന്ന പുഴുവിന് റോയല്‍ ജെല്ലിയെന്ന വിശിഷ്ഠാഹാരം നല്‍കിയാണ് വളര്‍ത്തുന്നത്. ആറ് മുതല്‍ 12 ദിവസം പ്രായമുള്ള ചെറുപ്പക്കാരായ വേലക്കാരി ഈച്ചകളുടെ തലയിലെ ഹൈപ്പോഫാരന്‍ജിയല്‍ ഗ്ലാന്‍ഡ് എന്ന ഗ്രന്ഥിയില്‍ ഉല്പാദിപ്പിക്കുന്ന ഒരു ആഹാര പദാര്‍ത്ഥമാണ് റോയല്‍ജെല്ലി.
ജീവിതത്തിന്റെ ആദ്യഘട്ടം മുതല്‍ അവസാനഘട്ടംവരെയും റാണിതേനീച്ചയുടെ പ്രഥാന ആഹാരം റോയല്‍ജെല്ലിയാണ്. സാധാരണഗതിയില്‍ 60 ദിവസം മാത്രം ജീവിതദൈര്‍ഘ്യമുള്ള വേലക്കാരി തേനീച്ചകളായി മാറേ അതേ മുട്ടയില്‍ നിന്നുതന്നെയാണ് രണ്ടു മുതല്‍ മൂന്ന് വര്‍ഷംവരെ ആയുര്‍ദൈര്‍ഘ്യമുള്ള റാണി ഈച്ചയും രൂപാന്തരപ്പെടുന്നത്.
കൂടാതെ പൊതുവേ പ്രത്യുത്പാദന കഴിവില്ലാത്ത പെണ് തേനീച്ചയുടെ മുട്ടയില്‍ നിന്നും റാണി ഈച്ച യായി മാറുമ്പോള്‍ പ്രതിദിനം 500 മുതല്‍ 800 മുട്ടവരെ നിക്ഷേപിക്കാനുള്ള കരുത്തുറ്റ പ്രത്യുത്പാദന ശേഷി ആര്‍ജിക്കുന്നു. റോയല്‍ജെല്ലി നിത്യേന കഴിക്കുന്ന റാണിയുടെ പ്രത്യേകതകള്‍ മനസ്സിലാക്കിയ ഗവേഷകര്‍ റോയല്‍ജെല്ലി മനുഷ്യന് ഉപയോഗിച്ചാല്‍ ഉാകുന്ന പ്രയോജനങ്ങളെക്കുറിച്ച് പഠിക്കുകയുണ്ടായി. മനുഷ്യന് നിത്യയൗവനം പ്രദാനം ചെയ്യാനുള്ള ആഹാരപദാര്ത്ഥമായും ജീവിതശൈലിരോഗങ്ങള്‍ക്കുള്ള മറുമരുന്നായും സൗന്ദര്യവര്‍ദ്ധക വസ്തുക്കളായും റോയല്‍ജെല്ലി ലോകത്തെമ്പാടും ഉപയോഗിച്ചുവരുന്നു.
തേനീച്ചക്കൂടുകളില്‍ റാണിസെല്ലിന്റെ അടിസ്ഥാന കപ്പുകള്‍ ഒരു പ്രത്യേകരീതിയില്‍ ക്രമീകരിച്ച് റോയല്‍ജെല്ലി വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിച്ചുവരുന്നു.
തേനീച്ചയുടെ നാട്യശാസ്ത്രം
നൃത്തം ചെയ്യുന്ന ജീവികളാണ് തേനീച്ചകള്‍. ആഹാരപദാര്‍ത്ഥങ്ങളായ തേനിന്റെയും പൂമ്പൊടിയുടെയും ലഭ്യതയും അളവും മറ്റ് തേനീച്ചകളെ അറിയിക്കാനാണ് അവ നൃത്തം ചെയ്യുന്നത്. ഇതുവഴി ഒരു പ്രദേശത്തെ തേനിന്റെ ലഭ്യത, കൂട്ടില്‍ നിന്നുള്ള ദൂരം, തേനിന്റെ അളവ് എന്നിവ മറ്റ് തേനീച്ചകളെ അറിയിക്കുന്നു. ജീവജാലങ്ങളുടെ സ്വഭാവ വൈശ്ലേഷ്യങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്ന കാള്‍വോണ്‍ ഫ്രിഷ് എന്ന ശാസ്ത്രജ്ഞനാണ് തേനീച്ച നൃത്തം നിര്‍ദ്ധാരണം ചെയ്തെടുത്തത്.
ആഹാരപദാര്‍ത്ഥങ്ങളുടെ സ്രോതസ് മറ്റ് തേനീച്ചകളെ അറിയിക്കുന്നതിനായി റൗണ്ട്. ഡാന്‍സും വാഗിള്‍ ഡാന്‍സുമാണ് അരങ്ങേറുന്നത്. സ്രോതസ് തേനീച്ചക്കൂടിന് സമീപത്താണങ്കില് തേനീച്ചകള്‍ മുകളിലേക്ക് സഞ്ചരിച്ച് താഴേക്ക് വരികയും വീണ്ടും മുകളിലേക്ക് പോകുകയും ചെയ്യുന്നു. എത്ര പ്രാവശ്യം നൃത്തംചെയ്യുന്നു എന്നത് ആ സ്രോതസിലെ തേനിന്റെ അളവ് മനസ്സിലാക്കിയിട്ടാണ്. ആഹാരപദാര്‍ത്ഥങ്ങളുടെ സ്രോതസ ്തേനീച്ചക്കൂട്ടില് നിന്ന് വളരെ അകലെയാണെങ്കില്‍ വാഗിള്‍ ഡാന്‍സാണ് അരങ്ങേറുന്നത്. ചിറക് വിടര്‍ത്തിയശേഷം ശരീരത്തിന്റെ അവസാനഭാഗം ചലിപ്പിച്ചു കൊണ്ട്. പാമ്പ് ഇഴയുന്ന രീതിയില്‍ മുകളിലേക്ക് സഞ്ചരിക്കുകയും താഴേക്ക് വരികയും ഈ പ്രവര്‍ത്തനം വീണ്ടും ആവര്‍ത്തിക്കുകയും ചെയ്യുന്നു.
തേനീച്ചകള്‍ പ്രകൃതിയുടെയും ജീവിതത്തിന്റെയും സര്‍വ മാധുര്യത്തേയും പാഥേയമാക്കി മനുഷ്യനുനല്കുന്ന സുകൃതമാണ്. ഈ സുകൃതത്തെ സംരക്ഷിക്കേണ്ടത് നമ്മുടെയും വരും തലമുറകളുടേയും ആവശ്യമാണ്. ഇതാകട്ടെ ലോക തേനീച്ച ദിനത്തിന്റെ പ്രതിജ്ഞ.
ബി. സുനില്‍






