
കൊച്ചി : തലശേരി ഫസല്‍ വധക്കേസില്‍ നിര്‍ണായക തെളിവായ രക്തം പുരണ്ട തൂവാല കോടതിയില്‍നിന്നും കാണാതായി. ഇന്നലെ എറണാകുളം സി.ബി.ഐ. പ്രത്യേക കോടതി രണ്ടു മുമ്പാകെയാണു വിസ്താരത്തിനിടയിലാണ് ഇക്കാര്യം വ്യക്തമായത്. നിയുക്ത എം.എല്‍.എ. കാരായി രാജന്, കാരായി ചന്ദ്രശേഖരന്, കൊടി സുനി തുടങ്ങിയവരാണു കേസിലെ പ്രതികള്‍.
തൊണ്ടിമുതല്‍ ഹാജരാക്കാന്‍ സി.ബി.ഐ. അഭിഭാഷകന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എറണാകുളം സി.ജെ.എം. കോടതിയില്‍ സൂക്ഷിച്ചിരുന്ന തൂവാല ഹാജരാക്കിയത്. സീല്‍ ചെയ്തുവച്ചിരുന്ന കവര്‍ കോടതിയില്‍ തുറന്നുനോക്കിയപ്പോഴാണു തൂവാല അതിലില്ലെന്നു മനസിലായത്. തൂവാല സൂക്ഷിച്ച ബ്രൗണ്‍ കടലാസ് കവറിനു മുകളില്‍ 'ടൗവല്‍ കാണുന്നില്ല, എലി കരണ്ടു കൊണ്ടുപോയി' എന്ന് എഴുതിവച്ചിരിക്കുന്നു.
തൂവാല ആദ്യം സൂക്ഷിച്ചിരുന്ന ബ്രൗണ്‍ പേപ്പര്‍ കവര്‍ മധ്യത്തില്‍ കീറിയിട്ടുണ്ട്. തുടര്‍ന്നു മറ്റൊരു ബ്രൗണ്‍ കവറിനുള്ളില്‍ കീറിയ കവര്‍ നിക്ഷേപിച്ചശേഷം സെല്ലോ ടേപ്പ് ഉപയോഗിച്ചു ഒട്ടിച്ചിരിക്കുന്നു. അതിനു മുകളിലാണു എലി കരണ്ടുകൊണ്ടു പോയെന്ന് എഴുതിവച്ചിരിക്കുന്നത്. തൊണ്ടി മുതലിന്റെ സൂക്ഷിപ്പു ചുമതല തൊണ്ടി ക്ലര്‍ക്കി(പ്രോപ്പര്‍ട്ടി ക്ലര്‍ക്ക്)നാണ്.
ധര്‍മ്മടം- ആണ്ടല്ലൂര്‍ ഭാഗത്ത് റോഡില്‍ കിടന്നാണു തൊണ്ണൂറു ശതമാനവും രക്തം പുരണ്ട നിലയില്‍ യൂവാല കിട്ടിയത്. സമീപത്ത് ആര്.എസ്.എസ്. പ്രവര്‍ത്തകരുടെ വീടുണ്ട്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആര്.എസ്.എസ്. പ്രവര്‍ത്തകരിലേക്ക് എത്തിക്കാനാണു ഗൂഢാലോചന നടത്തി പ്രതികള്‍ തൂവാല ഫസലിന്റെ രക്തം മുക്കി ഇവിടെ കൊണ്ടുവന്നിട്ടതെന്നാണു സി.ബി.ഐയുടെ വാദം. ഫസലിന്റെ തൂവാല മൃതദേഹത്തില്‍നിന്നു കണ്ടെടുത്തിരുന്നു.
തുവാല റോഡരികില്‍ കിടക്കുന്നത് ആദ്യം കണ്ടയാള്‍ സി.ഐ.ടി.യു. ചെത്തുതൊഴിലാളി യൂണിയന് അംഗമാണ്. ഇയാളെ ഇന്നലെ വിസ്തരിച്ചപ്പോഴാണു തൊണ്ടി വിളിച്ചുവരുത്തിയത്. തൂവാല കിടക്കുന്നതു താന്‍ കണ്ടിട്ടില്ലെന്നും ഇക്കാര്യത്തെപ്പറ്റി കേട്ടിട്ടില്ലെന്നുമാണു സാക്ഷി ഇപ്പോള്‍ പറയുന്നത്. തൂവാല ആസൂത്രിതമായി എടുത്തു മാറ്റിയതാണെന്നു സി.ബി.ഐ. വാദിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് സി.ബി.ഐ. തെളിവായി സമര്‍പ്പിച്ചിട്ടുള്ളതിനാല്‍, തൂവാല നഷ്ടപ്പെട്ടാലും കേസ് തെളിയിക്കാനാവുമെന്ന പ്രതീക്ഷയിലാണു സി.ബി.ഐ.
ആര്.എസ്.എസ്. പ്രവര്‍ത്തകനായ ചെമ്പ്ര സ്വദേശി സുബീഷ്, താനുള്‍പ്പെട്ട സംഘമാണ് ഫസലിനെ വധിച്ചതെന്നു വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ വെളിപ്പെടുത്തല്‍ അന്വേഷണം വഴിതെറ്റിക്കാനെന്നാണു സി.ബി.ഐ. വാദിച്ചത്. ഫസലിന്റെ സഹോദരന് സത്താര്‍ പ്രതികള്‍ക്കൊപ്പം ചേര്‍ന്നതിന്റെ തെളിവാണു തുടരന്വേഷണ ഹര്‍ജിയെന്നും സി.ബി.ഐ. നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു.
ഗൂഢാലോചന കുറ്റമാണു കാരായി രാജനും ചന്ദ്രശേഖരനുമെതിരേ സി.ബി.ഐ. ചുമത്തിയിരിക്കുന്നത്. നിലവില്‍ തലശേരി നഗരസഭ കൗണ്‍സിലറായ കാരായി ചന്ദ്രശേഖരന് ഏഴാം പ്രതിയാണ്. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയîാന് കാരായി രാജനു കോടതി അവധി അനുവദിച്ചിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍, ജനപ്രതിനിധിയായിരിക്കാന്‍ ഇരുവരും അയോഗ്യരാകും. 2006 ഒക്ടോബര്‍ 22 നാണു എന്‍.ഡി.എഫ്. പ്രവര്‍ത്തകനായിരുന്ന ഫസല്‍ കൊല്ലപ്പെട്ടത്.






