
കൊച്ചി : കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പദവി ഒഴിഞ്ഞ പ്രഫ.കെ.വി.തോമസ് പുതിയ ദൗത്യങ്ങള്‍ ലക്ഷ്യമിട്ടു വീണ്ടും ഡല്‍ഹിക്ക്. വിവിധ സംസ്ഥാനങ്ങള്‍, അവരുടെ തലസ്ഥാനത്തെ പ്രത്യേക പ്രതിനിധി പദവി വഹിക്കാന്‍ താത്പര്യപ്പെട്ട് കെ.വി.തോമസിനെ ക്ഷണിച്ചുകഴിഞ്ഞു.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ഇടതു സര്‍ക്കാരിനെതിരായ ദിവസംതന്നെ പ്രത്യേക പ്രതിനിധി പദവി അദ്ദേഹം ഒഴിഞ്ഞിരുന്നു. കേരള ഹൗസിലെ 304-ാം നമ്പര്‍ മുറിയും വിട്ടുകൊടുത്തു. കേരള ഹൗസിലെ ഓഫീസും കാറും മറ്റു സൗകര്യങ്ങളും മടക്കിനല്‍കി നാട്ടിലേക്കു മടങ്ങിയ അദ്ദേഹം ഇന്നു വീണ്ടും തലസ്ഥാനത്തേക്കു വിമാനം കയറുകയാണ്. അഞ്ചു ദിവസം ഡല്‍ഹിയില്‍ തങ്ങും.
കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ മാധ്യമ പുരസ്‌കാര വിതരണവും 80-ാം പിറന്നാള്‍ ആഘോഷവും ഈയാഴ്ച ഡല്‍ഹിയില്‍ നടക്കും.
ഇന്നു സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബിയുമായി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി സി.പി.എം. ബാന്ധവം ഔപചാരികമായി ഒഴിയുന്ന കെ.വി. തോമസ്, തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബി.ജെ.പി. സര്‍ക്കാരിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.
ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി ഞായറാഴ്ചയ്ക്കകം കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. അടുത്തമാസം പകുതിയോടെ മുന്‍ നിശ്ചയിച്ച പ്രകാരം ഉപരാഷ്ര്ടപതി സി.പി. രാധാകൃഷ്ണനൊപ്പം അദ്ദേഹം യൂറോപ്യന്‍ യാത്രയും നടത്തുന്നുണ്ട്.
കെ.വി. തോമസിനു ബി.ജെ.പിയുടെ ഉന്നത നേതൃത്വമായുള്ള അടുത്ത ബന്ധം കണക്കിലെടുത്തു ബി.ജെ.പി. ഭരിക്കുന്ന പല സംസ്ഥാനങ്ങളും ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പദവി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി. ദേശീയ സെക്രട്ടറി ബി.എല്‍. സന്തോഷുമായും കെ.വി. തോമസ് ഈ യാത്രയില്‍ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരില്‍ ഉന്നത സ്വാധീനമുള്ള ബി.എല്‍. സന്തോഷ് കര്‍ണാടകയില്‍നിന്നുള്ള മുതിര്‍ന്ന ആര്‍.എസ്.എസ്. നേതാവുകൂടിയാണ്.
പ്രഫ.കെ.വി. തോമസ്, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസുമായി ഇടഞ്ഞു സി.പി.എം. സഹയാത്രികനായതും കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായതും. നിലവില്‍ ഒരു രാഷ്ട്രീയ കക്ഷിയിലും അംഗമല്ലാത്ത കെ.വി. തോമസിനു കക്ഷി ഭേദമന്യേ ഏതു സര്‍ക്കാരിന്റെയും ഭരണഘടനാപരമായ പദവികള്‍ വഹിക്കുന്നതിനു തടസമില്ലെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.






