
ലുധിയാന: പഞ്ചാബി ഗായിക യഷിന്ദര്‍ കൗറിനെ ( 29) മരിച്ച നിലയില്‍ കണ്ടെത്തി. കുബ ഗ്രാമത്തിന് സമീപം ഒരു കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായി ആറു ദിവസത്തിന് ശേഷം ചൊവ്വാഴ്ച നീലോണ്‍ കനാലില്‍ നിന്നാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെടുത്തത്.
പഞ്ചാബിലെ മോഗ ജില്ലയിലുളള മഹ്ലാന്‍ ഖുര്‍ദ് സ്വദേശിയായ സുഖ്‌വിന്ദര്‍ സിംഗ് എന്ന 29 കാരനാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ നിലവില്‍ കാനഡയിലാണ് താമസിക്കുന്നത്. സുഖ്‌വിന്ദര്‍ സിംഗ് കാനഡയില്‍ നിന്ന് ഏപ്രില്‍ 29 ന് ഇന്ത്യയില്‍ എത്തിയിരുന്നെന്നും മെയ് 13 ന് തിരിച്ചുപോയെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. മെയ് 13 നാണ് യഷിന്ദര്‍ കൗര്‍ കിഡ്‌നാപ്പ് ചെയ്യപ്പെട്ടത്.
കേസുമായി ബന്ധപ്പെട്ട് സുഖ്‌വിന്ദറിന്റെ പിതാവ് പ്രീതം സിംഗ്, മോഗയിലെ ഭാലൂര്‍ ഗ്രാമവാസിയായ കൂട്ടാളി കരംജിത് സിംഗ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മെയ് 13 ന് സുഖ്‌വിന്ദര്‍ തോക്കുചൂണ്ടി യഷിന്ദറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് സുഖ്‌വിന്ദറും കരംജിത്തും ചേര്‍ന്ന് മൃതദേഹം നീലോണ്‍ കനാലില്‍ തളളി.
യഷിന്ദറും സുഖ്‌വിന്ദറും മുന്‍പ് സ്‌നേഹബന്ധത്തില്‍ ആയിരുന്നുവെന്നും എന്നാല്‍ പിന്നീട് വേര്‍പിരിഞ്ഞുവെന്നുമാണ് കുടുംബം പോലീസിനോട് പറഞ്ഞിരിക്കുന്നത്. സുഖ്‌വിന്ദറിന്റെ വിവാഹാഭ്യര്‍ഥനയും യഷിന്ദര്‍ തളളിയിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് കിഡ്‌നാപ്പിംഗും തുടര്‍ന്ന് നടന്ന സംഭവങ്ങളുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കാറില്‍ വെച്ച് കൊല നടത്തി മൃതദേഹം കനാലില്‍ തളളികയായിരുന്നെന്നാണ് പോലീസിന്റെ നിലവിലെ കണ്ടെത്തല്‍.






