
ന്യൂഡല്‍ഹി: സംസ്ഥാന കോണ്‍ഗ്രസിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്ന് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ എന്നിവരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തുമെന്നാണ് വിവരം.
കെപിസിസി അധ്യക്ഷ പദവിയെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് പോര് മുറുകുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ ഡല്‍ഹി സന്ദര്‍ശനം. കെപിസിസി, ഡിസിസി നേതൃത്വങ്ങളില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ കെ.സി. വേണുഗോപാല്‍ പക്ഷം ശക്തമായ നീക്കങ്ങള്‍ നടത്തുന്നുണ്ട്.
കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്, ജോസഫ് വാഴക്കന്, മാത്യു കുഴല്നാടന്, അടൂര്‍ പ്രകാശ് എന്നിവരുടെ പേരുകളാണ് ചര്‍ച്ചകളിലുള്ളത്. നിലവില്‍ നിയമസഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഡിസിസി പ്രസിഡന്റുമാര്‍ക്ക് പകരം പുതിയ ആളുകളെ നിശ്ചയിക്കും.
മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷമുള്ള വി.ഡി. സതീശന്റെ ആദ്യ ഡല്‍ഹി സന്ദര്‍ശനത്തെ കോണ്‍ഗ്രസ് അണികള്‍ ആഘോഷമാക്കി മാറ്റി. കേരള ഹൗസിലെത്തിയ അദ്ദേഹത്തിന് വിദ്യാര്‍ഥികളും കേരള ഹൗസ് എന്‍ജിഒ അസോസിയേഷനും ചേര്‍ന്ന് വന്‍ വരവേല്‍പ്പാണ് നല്‍കിയത്. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് അവര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചത്.
കേരളത്തില്‍ തന്റെ സുരക്ഷാ സന്നാഹങ്ങളും അകമ്പടി വാഹനങ്ങളും മുഖ്യമന്ത്രി പരമാവധി ഒഴിവാക്കിയിരുന്നെങ്കിലും, ഡല്‍ഹിയില്‍ ഔദ്യോഗിക പ്രോട്ടോക്കോള്‍ പ്രകാരം ഡല്‍ഹി പോലീസിന്റെയും കേരള പോലീസിന്റെയും കനത്ത സുരക്ഷയാണ് അദ്ദേഹത്തിന് ഒരുക്കിയിരുന്നത്. എന്നാല്‍ ഈ സുരക്ഷാ വലയങ്ങളെയെല്ലാം അണികളുടെയും വിദ്യാര്‍ഥികളുടെയും ആവേശം മറികടന്നു.






