
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച സംഭവത്തില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിസന്ധിയില്‍. കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഇടപെടലുകള്‍ നടന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് ആലപ്പുഴ ഡിവൈഎസ്പി (ഉ്യടജ) സുനില്‍ രാജിനെ പ്രത്യേക അന്വേഷണ സംഘം (ടകഠ) ഉടന്‍ ചോദ്യം ചെയ്യും.
കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ എംഎല്‍എ എ.ഡി. തോമസിന്റെ മൊഴി രേഖപ്പെടുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെ മര്‍ദനം നിയമവിരുദ്ധമാണെന്നും അവര്‍ക്കെതിരെ നടപടി വേണമെന്നും കാണിച്ച് ആലപ്പുഴ മുന്‍ എസ്പി ചൈത്ര തെരേസ ജോണ്‍ ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിവെച്ചതിന്റെ വ്യക്തമായ തെളിവുകള്‍ എസ്‌ഐടിക്ക് ലഭിച്ചു.
മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ യഥാര്‍ത്ഥമാണെന്ന് എസ്‌ഐടി സ്ഥിരീകരിച്ചു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോജി ജോസഫിന്റെ മൊഴി അന്വേഷണസംഘം ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് സാക്ഷികളായ മറ്റ് നാല് പേരെക്കൂടി മൊഴി രേഖപ്പെടുത്തുന്നതിനായി അന്വേഷണസംഘം വിളിപ്പിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍, എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.






