
ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ഈ വാരാന്ത്യത്തില്‍ ബഹാമാസില്‍ വെച്ച് നടക്കുന്ന മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെയും ബെറ്റിന ആന്‍ഡേഴ്‌സന്റെയും വിവാഹത്തില്‍ തനിക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. വിവാഹത്തില്‍ പങ്കെടുക്കാന്‍ പറ്റിയ സമയമല്ല നിലവിലുള്ളതെന്ന് ഒരു ദിവസം മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു.
'എന്റെ മകന്‍ ഡോണ്‍ ജൂനിയറിനൊപ്പവും ട്രംപ് കുടുംബത്തിലെ പുതിയ അംഗവും അവന്റെ പ്രതിശ്രുത വധുവുമായ ബെറ്റിനക്കൊപ്പവും ആയിരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും യുണൈറ്റഡ് സ്റ്റേറ്റ്‌സിനോടുള്ള എന്റെ സ്‌നേഹവും അതിന് എന്നെ അനുവദിക്കുന്നില്ല,' ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴി അറിയിച്ചു. 'ഈ നിര്‍ണായക ഘട്ടത്തില്‍ വാഷിം ഗ്ടണ്‍ ഡിസിയിലെ വൈറ്റ് ഹൗസില്‍ തുടരേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ഡോണിനും ബെറ്റിനയ്ക്കും ആശംസകള്‍!' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന് പിന്നാലെ ട്രംപിന്റെ യാത്രാ പദ്ധതികളില്‍ വരുത്തിയ മാറ്റങ്ങള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടു. ന്യൂജേഴ്സിയിലെ ഗോള്‍ഫ് റിസോര്‍ട്ടിലേക്ക് നടത്താനിരുന്ന വാരാന്ത്യ യാത്ര റദ്ദാക്കിയതായും അദ്ദേഹം രാജ്യതലസ്ഥാനത്ത് തന്നെ തുടരുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. മധ്യപൂര്‍വേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെങ്കിലും, എന്തുകൊണ്ടാണ് ഇത് ഒരു 'നിര്‍ണായക ഘട്ടം' എന്ന് ട്രംപ് കൃത്യമായി വ്യക്തമാക്കിയിട്ടില്ല. യുഎസിന്റെ പുതിയ സമാധാന നിര്‍ദ്ദേശം ഇറാന്‍ നിലവില്‍ പരിശോധിച്ചുവരികയാണ്. ഇതിനിടയില്‍ മധ്യസ്ഥത വഹിക്കുന്ന പാകിസ്താന്റെ ശക്തനായ സൈനിക മേധാവി ടെഹ്റാനിലേക്ക് തിരിക്കുന്നുമുണ്ട്.
അതേസമയം, ക്യൂബയുമായുള്ള യുഎസിന്റെ ബന്ധത്തിലും അസ്വാരസ്യങ്ങള്‍ പുകയുകയാണ്. മുന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് മേലുള്ള സമ്മര്‍ദ്ദം അമേരിക്ക ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി യുഎസ് സൈന്യം ഒരു യുദ്ധവിമാന വാഹിനി കപ്പലും അകമ്പടി യുദ്ധക്കപ്പലുകളും കരീബിയന്‍ കടലിലേക്ക് അയച്ചിട്ടുമുണ്ട്.






