
ഇടുക്കി: തെക്കിന്റെ കശ്മീരായ മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ സുരക്ഷിതരോ? ഏറെ ആശങ്കപ്പെടുത്തുന്ന ഒരു ചോദ്യമാണ് വീണ്ടും മൂന്നാറില്‍നിന്ന് ഉയരുന്നത്. മധ്യ വേനല്‍ ആഘോഷിക്കാന്‍ സഞ്ചാരികള്‍ ഒഴുകിയെത്തുന്ന ഈ അവസരത്തിലാണ് മൂന്നാറില്‍ വീണ്ടും ഉണ്ടായിരിക്കുന്ന ആക്രമണം ചര്‍ച്ചയാകുന്നത്.
കഴിഞ്ഞദിവസം മൂന്നാറില്‍ സന്ദര്‍ശനത്തിനെത്തിയ വര്‍ക്കല സ്വദേശികളായ വിനോദ സഞ്ചാരി കള്‍ക്കു നേരേയുണ്ടായ അതിക്രമമാണ് ഒടുവിലത്തെ സംഭവം. ചൊവ്വാഴ്ച വൈകീട്ട് ബസ് ഡ്രൈവറെയും യാത്രക്കാരെയും വഴിയോര വില്‍പനക്കാരും ടാക്‌സി ഡ്രൈവര്‍മാരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കുട്ടിക്ക് പരുക്കേറ്റു. മൂന്നാറിലെ ടോപ്പ് സ്‌റ്റേഷനിലായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് റോഡരികില്‍ നിര്‍ത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് സംഘംചേര്‍ന്ന് ബസ് ഡ്രൈവറെ ആക്രമിച്ചു. ഇതോടെ യാത്രക്കാരില്‍ ചിലര്‍ ഇറങ്ങി തടയാന്‍ ശ്രമിച്ചെങ്കിലും അക്രമം തുടര്‍ന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള സഞ്ചാരികളെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചു. ഇവര്‍ കരഞ്ഞെങ്കിലും അതിക്രമം തുടര്‍ന്നു. ഇരുമ്പും തടിയും ഉപയോഗിച്ച് ബസിന്റെ ചില്ല് അടക്കം സംഘം അടിച്ചു തകര്‍ത്തു.
ഇതിനിടെ മുള്ളുകമ്പ് കൊണ്ടുള്ള അടിയേറ്റ് 12 വയസുകാരന്റെ കഴുത്തില്‍ പരുക്കേറ്റു. ദേവികുളം പോലീസ് സ്ഥലത്തെത്തി വാഹനത്തിലുള്ളവരെ രക്ഷിച്ചു. ടോപ്പ് സ്‌റ്റേഷന്‍ അതിര്‍ത്തി കേരള തമിഴ്‌നാട് സംസ്ഥാനങ്ങള്‍ പങ്കിടുന്ന സ്ഥലമാണ്. സഞ്ചാരികള്‍ ആദ്യം കുരങ്ങിണി പോലീസ് കേസെടുക്കാന്‍ തയാറായില്ലെങ്കിലും തേനി കലക്ടര്‍ ഇടപെട്ട് നടപടിയെടുത്തയാണ് സൂചന. ദേവികുളത്തു നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള ടോപ്പ് സ്‌റ്റേഷനില്‍ എത്താന്‍ ഒന്നരമണിക്കൂര്‍ എടുക്കും. പലപ്പോഴും നാണക്കേടും സമയനഷ്ടവും ഓര്‍ത്ത് പരാതി നല്‍കാന്‍ സഞ്ചാരികള്‍ തയാറാകാത്തത് അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. രണ്ടു വര്‍ഷത്തിനിടയില്‍ ഒട്ടേറെ അക്രമ സംഭവങ്ങളാണ് മേഖലയില്‍ ഉണ്ടായത്.
എന്നാല്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഇതിന് പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. മണിക്കൂറുകള്‍ ട്രാഫിക് ബ്ലോക്കില്‍ കിടന്ന് മു ന്നാറിലെത്തുമ്പോള്‍ ആക്രമണം കൂടി നേരിടേണ്ട സ്ഥിതിയാണ്. രണ്ടാം മൈല്‍, ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി, ടോപ് സ്‌റ്റേഷന്‍, എക്കോ പോയിന്റ്, പള്ളിവാസല്‍ തുടങ്ങിയ ഇടങ്ങളില്‍ ഒരു വര്‍ഷത്തിനിടെ സഞ്ചാരികള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. വഴിയോര കച്ചവടക്കാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, ഗൈഡുമാര്‍ എന്നിവരില്‍ നിന്നൊകെ സഞ്ചാരികള്‍ക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ട്.
എന്നിട്ടും ഇതു പരിഹരിക്കാന്‍ ആരും മുന്നോട്ട് വന്നിട്ടില്ല എന്നതാണ് ശ്രദ്ധേയം. പലപ്പോഴും വാഹനങ്ങള്‍ പാതയോരത്ത് പാര്‍ക്ക് ചെയ്യുന്നത്, വാഹനങ്ങള്‍ ഉരസുന്നത്, ഊബര്‍ വാഹനത്തിലെത്തുന്നത്, വാഹനങ്ങള്‍ക്ക് സൈഡ് നല്‍കാത്തത് എന്നിവയെല്ലാം ആക്രമണ കാരണങ്ങളാകുന്നു. പാതയോരത്ത് മൂത്രമൊഴിച്ചതിന് ടോപ് സ്‌റ്റേഷനില്‍ കൊല്ലം സ്വദേശികളെ മര്‍ദിച്ച് ട്രാവലര്‍ അടിച്ചു തകര്‍ത്തു, വാഹനം ഉരസിയെന്ന് ആരോപിച്ച് പള്ളിവാസല്‍ ആറ്റുകാട് ട്രിച്ചി യില്‍ നിന്നെത്തിയ 9 യുവാക്കളെ കല്ലുകൊണ്ട് ഇടിച്ച് പരുക്കേല്‍പിച്ച് വാഹനവും തകര്‍ത്തു, മൂന്നാര്‍ ടൗണില്‍ വാഹനം തട്ടിയെന്നാരോപിച്ച് ഓട്ടോഡ്രൈവറുടെ നേതൃത്വത്തില്‍ കുറിച്ചി സ്വദേശി കളായ കുടുംബത്തെ മര്‍ദിച്ചു, പാട്ട് ഉച്ചത്തില്‍ വച്ചെന്നാരാപിച്ച് സഞ്ചാരികളെ ആക്രമിച്ചു. ഇവയെല്ലാം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന ചില സംഭവങ്ങളാണ്.
പത്തനംതിട്ട സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞ് നിര്‍ത്തി യാത്രക്കാരെ ആക്രമിച്ചു, മുറി എടുക്കാന്‍ വിസമ്മതിച്ച തൃക്കാക്കര സ്വദേശികളായ കുടുംബത്തിന്റെ വാഹനം പഴയ മുന്നാറില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. മാട്ടുപ്പെട്ടി എക്കോ പോയിന്റില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലം സ്വദേശികളെ ആക്രമിച്ചു. ഇതു മുന്നാറില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളാണ്. ഊബര്‍ വാഹനത്തിലെത്തിയ മുംബൈ സ്വദേശിനിയെ ടാക്‌സി ഡ്രൈവര്‍മാര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി മടക്കി അയച്ച സംഭവം വലിയ ചര്‍ച്ചയായിട്ടും ഇപ്പോഴും അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല.






