
ഗംഗ, യമുന, സരസ്വതി എന്നീ നദികളുടെ സംഗമസ്ഥാനമായ പ്രയാഗ്രാജില്, പുരാണങ്ങളില്‍ മാത്രം കേട്ടിട്ടുള്ള സരസ്വതി നദി യഥാര്‍ത്ഥത്തില്‍ നിലനിന്നിരുന്ന ഒന്നാവാം എന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന സുപ്രധാന കണ്ടെത്തലുമായി ഗവേഷകര്‍. പ്രയാഗ്രാജില് ഭൂമിക്കടിയില്‍ മൂന്നാമതൊരു നദീതടത്തിന്റെ ശക്തമായ മായ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. നൂതന എയര്‍ബോണ്‍ ജിയോഫിസിക്കല്‍ സാങ്കേതികവിദ്യകളും ഡ്രില്ലിങ്ങും ഉപയോഗിച്ച് ഹൈദരാബാദിലെ സിഎസ്ഐആര്‍നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ (എന്‍ജിആര്‍ഐ) ഗവേഷകരാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചിരിക്കുന്നത്.
ഭൗമോപരിതലത്തില്‍ നിന്ന് 10 മുതല്‍ 15 മീറ്റര്‍ വരെ താഴെയാണ് ഈ പുരാതന നദീതടത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഒരുകാലത്ത് ഉപരിതലത്തില്‍ ഒഴുകിയിരുന്നതും എന്നാല്‍ ഇപ്പോള്‍ അവശിഷ്ടങ്ങളുടെ പാളികള്‍ക്കടിയില്‍ മൂടപ്പെട്ടുപോയതുമായ ഇത്തരം നദീതടങ്ങളെ 'പാലിയോ ചാനലുകള്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. ഗംഗയ്ക്കോ യമുനയ്ക്കോ ഒപ്പം നില്ക്കുന്ന അളവുകളും ആഴവുമുള്ള ഒരു വലിയ നദി തന്നെയാണ് ഇവിടെ നിലനിന്നിരുന്നതെന്ന് സിഎസ്ഐആര്എന്ജിആര്ഐയിലെ ശാസ്ത്രജ്ഞനായ ഡോ. സുഭാഷ് ചന്ദ്ര സ്ഥിരീകരിക്കുന്നു. ഉപരിതലത്തില്‍ ഇതിന്റെ ദൃശ്യമായ അടയാളങ്ങളൊന്നും ഇന്ന് അവശേഷിക്കുന്നില്ലെങ്കിലും ഭൂമിക്കടിയില്‍ ഇതിന്റെ സാന്നിധ്യം വ്യക്തമാണ്.
മൂടപ്പെട്ടുപോയ ഈ നദിക്ക് ഏകദേശം നാല് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ വീതിയുണ്ടെന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള രണ്ടു നദികളോടും ചേര്‍ന്നുപോകുന്ന രീതിയില്‍ പലയിടങ്ങളിലും വളഞ്ഞ പാറ്റേണിലാണ് ഈ പ്രാചീന നദിയും ഒഴുകിയിരുന്നത്. നാഷണല്‍ മിഷന് ഫോര്‍ ക്ലീന്‍ ഗംഗയുടെ പിന്തുണയോടെ കാന്‍പൂര്‍ വരെ വ്യാപിപ്പിച്ച സര്‍വേയില്‍ ഈ ഭൂഗര്‍ഭ നദിക്ക് 200 കിലോമീറ്ററോളം നീളമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ നദി കൂടുതല്‍ പടിഞ്ഞാറേയ്ക്ക്, കൃത്യമായി പറഞ്ഞാല്‍ ഹിമാലയന്‍ മേഖലയിലേക്ക് വരെ വ്യാപിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.
നിലവില്‍ കാണപ്പെടുന്ന പ്രയാഗ്രാജ് സംഗമത്തിന് 25 കിലോമീറ്റര്‍ മുന്‍പ് വരെ ഈ പാലിയോ ചാനല്‍ വ്യക്തമായി മാപ്പ് ചെയ്യാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ പ്രയാഗ്രാജ് നഗരമേഖലയിലെ കെട്ടിടങ്ങളും വൈദ്യുത ലൈനുകളും വായുവിലൂടെയുള്ള സെന്‍സറുകളുടെ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതിനാല്‍ നഗരപരിധിയില്‍ കൃത്യമായ സര്‍വ്വേ സാധ്യമായിട്ടില്ല. എങ്കിലും നദികളുടെ നിലവിലെ സംഗമസ്ഥാനത്തും ഈ പ്രാചീന നദിയുടെ സാന്നിധ്യം ഉണ്ടാവാന്‍ സാധ്യത കൂടുതലാണെന്നും, കാലക്രമേണ നദികളുടെ ഗതി മാറിയതാകാം എന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.






