
ധര്‍മ്മശാല: ഐപിഎല്‍ പ്ലേ-ഓഫ് മത്സരങ്ങളില്‍ ഒരു അര്‍ദ്ധസെഞ്ച്വറി തികയ്ക്കാനുള്ള വിരാട് കോലിയുടെ കാത്തിരിപ്പ് പത്ത് വര്‍ഷം പിന്നിടുന്നു. 2026 ഐപിഎല്‍ ക്വാളിഫയര്‍ 1-ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലും കോലിക്ക് അര്‍ദ്ധസെഞ്ച്വറി നേടാനായില്ല.
മത്സരത്തില്‍ 25 പന്തില്‍ നിന്ന് 43 റണ്‍സ് (സ്ട്രൈക്ക് റേറ്റ് 172) എടുത്ത് നില്‍ക്കെ ജേസണ്‍ ഹോള്‍ഡറുടെ പന്തില്‍ ബൗള്‍ഡായാണ് കോലി പുറത്തായത്. പ്ലേ-ഓഫ് മത്സരങ്ങളില്‍ കോലിയുടെ ആകെ സമ്പാദ്യം 17 ഇന്നിങ്സുകളില്‍ നിന്ന് 396 റണ്‍സാണ്. 2016-ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ഫൈനലിലാണ് (35 പന്തില്‍ 54 റണ്‍സ്) കോലി അവസാനമായി പ്ലേ-ഓഫില്‍ അര്‍ദ്ധസെഞ്ച്വറി നേടിയത്.
ഐപിഎല്‍ പ്ലേ-ഓഫ് ചരിത്രത്തില്‍ ആകെ രണ്ട് തവണ മാത്രമാണ് കോലി 50 കടന്നിട്ടുള്ളത് (2011ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ 70*, 2016-ല്‍ ഹൈദരാബാദിനെതിരെ 54). ഇതില്‍ ചെന്നൈക്കെതിരെ നേടിയ 70* റണ്‍സാണ് പ്ലേ-ഓഫിലെ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്കോര്‍. 2016 ലെ ഫൈനലിന് ശേഷം പ്ലേ-ഓഫ് മത്സരങ്ങളില്‍ കോലി നേടിയ ഉയര്‍ന്ന സ്കോര്‍ കഴിഞ്ഞ ദിവസം ഗുജറാത്തിനെതിരെ നേടിയ 43 റണ്‍സാണ്.
2020 ല്‍ സണ്‍റൈസേഴ്സിനെതിരേ അടിക്കാനായത് ആറ് റണ്‍സായിരുന്നു. 2021 ല്‍ കൊല്‍ക്കത്തയ്ക്ക് എതിരേ അടിച്ചത് 39 റണ്‍സ്, 2022 ല്‍ എല്‍എസ്ജി ആയിരുന്നു ആദ്യ എതിരാളികള്‍. 25 റണ്‍സിന് പുറത്തായി. രണ്ടാം ക്വാളിഫയറില്‍ ഏഴിനും ഔട്ടായി. 2024 ല്‍ രാജസ്ഥാന് റോയല്‍സിനെതിരേ 33, 2025 ല്‍ പഞ്ചാബ് കിംഗ്സിനെതിരേ 12 ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 43 എന്നാണ് കോഹ്ലിയുടെ സ്കോര്‍.
കോലിക്ക് പുറമെ ദേവ്ദത്ത് പടിക്കല്‍ (18 പന്തില്‍ 30), ക്രുണാല്‍ പാണ്ഡ്യ (28 പന്തില്‍ 43) എന്നിവര്‍ മികച്ച സംഭാവന നല്‍കിയെങ്കിലും, ക്യാപ്റ്റന്‍ രജത് പാട്ടീദാറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് (33 പന്തില്‍ പുറത്താകാതെ 93*) ആര്‍സിബിയെ ഐപിഎല്‍ പ്ലേ-ഓഫ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറായ 254-ല്‍ എത്തിച്ചത്.






