
ലണ്ടൻ: ലോകകപ്പിൽ ഇതുവരെ അപരാജിത മുന്നേറ്റം തുടരുന്ന ഫ്രാൻസിനെ തടയാൻ നിലവിൽ കഴിയുക അർജന്റീനയ്ക്ക് മാത്രമാണെന്ന് മുൻ ഇംഗ്ലണ്ട് താരം ഗാരി നെവിൽ അഭിപ്രായപ്പെട്ടു. ഗ്രൂപ്പ് ഘട്ടവും നോക്കൗട്ടിലെ ആദ്യ മത്സരവും ആധികാരികമായി ജയിച്ച ഫ്രഞ്ച് ടീമിനെ വെല്ലുവിളിക്കാൻ അർജന്റീനയുടെ മനക്കരുത്തും ആക്രമണോത്സുക ശൈലിയും തന്ത്രപരമായ മികവും നിർണായകമാകുമെന്ന് അദ്ദേഹം ഐടിവി സ്പോർട്സിനോട് പറഞ്ഞു.
ഇപ്പോഴത്തെ ഫോമിൽ ഫ്രാൻസിനെ നേരിടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീം അർജന്റീനയാണെന്നാണ് തന്റെ വിലയിരുത്തലെന്ന് നെവിൽ പറഞ്ഞു. ആക്രമണാത്മക സമീപനം, വലിയ മത്സരങ്ങളിലെ അനുഭവസമ്പത്ത്, സമ്മർദഘട്ടങ്ങളിൽ ഒരുമിച്ച് പോരാടാനുള്ള മനോഭാവം എന്നിവയാണ് ഫ്രാൻസിനെതിരെ അർജന്റീനയ്ക്ക് മുൻതൂക്കം നൽകുന്ന ഘടകങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
ടൂർണമെന്റിലെ കണക്കുകളും അർജന്റീനയുടെ പ്രതിരോധശക്തിയെ പിന്തുണയ്ക്കുന്നതാണ്. ഇതുവരെ ഒരു ഗോൾ മാത്രം വഴങ്ങിയ ടീം, എതിരാളികളെ കടുത്ത ടാക്ലിംഗുകളിലൂടെ സമ്മർദത്തിലാക്കുന്നതിൽ പരാഗ്വെയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുമാണ്.
അതേസമയം, ലോകകപ്പിൽ ഇതുവരെ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഫ്രാൻസിന്റെ കുതിപ്പ്. സെനഗലിനെ 3-1നും ഇറാഖിനെ 3-0നും നോർവേയെ 4-1നും തോൽപ്പിച്ച ഫ്രാൻസ്, റൗണ്ട് ഓഫ് 32ൽ സ്വീഡനെ 3-0ന് മറികടന്നു. പ്രീ-ക്വാർട്ടറിൽ പരാഗ്വെയെയാണ് ഫ്രഞ്ച് ടീം നേരിടുക. തുടർന്ന് ക്വാർട്ടറിൽ മൊറോക്കോയും സെമിയിൽ സ്പെയിനും എതിരാളികളാകാൻ സാധ്യതയുണ്ടെങ്കിലും ഫ്രാൻസിന്റെ മുന്നേറ്റനിര മികച്ച ഫോമിലാണ്.





