
ബംഗളൂരു: മെയ് 26 ന് ബംഗളൂരു - ചെന്നൈ ഇൻഡിഗോ വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്ന് വിമാനത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചപ്പോൾ അടിയന്തര സംവിധാനം പ്രവർത്തിച്ചില്ല എന്ന് പരാതി. ആളുകൾ വിമാനത്തിന്റെ ചിറകിലൂടെ നടക്കുന്ന ദൃശ്യങ്ങൾ ഒരു യാത്രക്കാരൻ എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചു. എമർജൻസി എക്സിറ്റിലെ ഇൻഫ്ലേറ്റബിൾ സ്ലൈഡുകളിൽ (തുണികൊണ്ടുള്ള നിരങ്ങിയിറങ്ങുന്ന വഴി) ഒന്ന് തുറക്കാതിരുന്നതിനെത്തുടർന്ന് ആളുകൾക്ക് ചിറകിലൂടെ നടന്ന് വീണ്ടും വിമാനത്തിനുള്ളിലേക്ക് തന്നെ തിരികെ കയറേണ്ടി വന്നതായി എക്സ് ഉപയോക്താവ് പറയുന്നു.
"വലതുവശത്തെ ഓവർവിങ് എക്സിറ്റിലെ സ്ലൈഡ് ഇന്നലെ വീർത്തു വന്നില്ല. ആളുകൾക്ക് ചിറകിലേക്ക് കയറേണ്ടി വന്നത് നിങ്ങൾക്ക് കാണാം. തുടർന്ന് പുറത്തുകടക്കാൻ അവർക്ക് വീണ്ടും വിമാനത്തിനുള്ളിലേക്ക് തന്നെ കയറേണ്ടി വന്നു," ദീപൻ ക്വീറ്റർ കണ്ണൻ എന്ന യാത്രക്കാരൻ വീഡിയോ പങ്കുവച്ചുകൊണ്ട് എക്സിൽ കുറിച്ചു.
ഇൻഡിഗോയുടെ 6E 6017 വിമാനത്തിന്റെ കോക്പിറ്റിലും കാബിനിലും പുക ഉയർന്നതിനെത്തുടർന്നാണ് യാത്രക്കാരെ വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചത്. റൺവേയിലേക്ക് നീങ്ങുന്ന അവസരത്തിലായിരുന്നു പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി ഇൻഡിഗോ എയർലൈൻ അറിയിച്ചു. എന്നാൽ, പുക വരാനുണ്ടായ കാരണം കമ്പനി വ്യക്തമാക്കിയില്ല. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ചെന്നൈയിലേക്ക് അയയ്ക്കുകയായിരുന്നു.






