
ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവ് സൃഷ്്ടിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാര്‍ ചുമതലയേല്‍ക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയില്‍ വെച്ച് നടന്ന പ്രഭാതഭക്ഷണ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. സിദ്ധരാമയ്യ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ. ശിവകുമാറിന്റെ പേര് നിര്‍ദേശിച്ചത്.
എഐസിസി നേതൃത്വവുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് സിദ്ധരാമയ്യ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. രാജി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും വന്നിട്ടില്ലെങ്കിലും, ഇന്ന് വൈകീട്ടോടെ ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമായിരിക്കും അദ്ദേഹം ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ മന്ത്രിസഭയില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് സൂചന. സിദ്ധരാമയ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാക്കളായിരിക്കും ഈ പദവികളിലേക്ക് എത്തുക. ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാകുന്നതോടെ ഒഴിവുവരുന്ന കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയൊരാളെ നിര്‍ദേശിക്കാനുള്ള ചുമതലയും സിദ്ധരാമയ്യക്ക് തന്നെയായിരിക്കും.
ഡല്‍ഹിയിലെ നിര്‍ണായക യോഗങ്ങള്‍ക്ക് ശേഷമായിരിക്കും സിദ്ധരാമയ്യ ഗവര്‍ണറെ കണ്ട് രാജി കൈമാറുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. സിദ്ധരാമയ്യ സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയതോടെയാണ് സംസ്ഥാനത്ത് മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളും രൂക്ഷമായത്. സര്‍ക്കാര്‍ രൂപീകരണ സമയത്ത് രണ്ടര വര്‍ഷം കഴിയുമ്പോള്‍ ഭരണം കൈമാറാമെന്ന ധാരണയുണ്ടായിരുന്നതായി ഡി.കെ. ശിവകുമാറിനെ അനുകൂലിക്കുന്നവര്‍ വാദിച്ചിരുന്നു. തര്‍ക്കം മുറുകിയതോടെ ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുകയും ഒടുവില്‍ ഡി.കെ. ശിവകുമാറിന് വഴിമാറിക്കൊടുക്കാന്‍ സിദ്ധരാമയ്യ തീരുമാനിക്കുകയുമായിരുന്നു.






