
സൂറിച്ച്: ഗൂഗിളിന്റെ ആഭ്യന്തര സെർച്ച് വിവരങ്ങൾ ചോർത്തി 'പോളിമാർക്കറ്റ്' എന്ന ബെറ്റിംഗ് പ്ലാറ്റ്ഫോമിലൂടെ 1.2 ദശലക്ഷം ഡോളർ (ഏകദേശം 11.5 കോടി രൂപ) തട്ടിയടുത്ത ഗൂഗിൾ ജീവനക്കാരൻ അറസ്റ്റിലായി. 2025-ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട വ്യക്തി ആരായിരിക്കും എന്നതിനെക്കുറിച്ച് ഇയാൾ ബെറ്റ് വെക്കുകയും ഗൂഗിൾ ഡാറ്റ ദുരുപയോഗം ചെയ്ത് വിജയിക്കുകയുമായിരുന്നു.
ക്രിപ്റ്റോകറൻസി അധിഷ്ഠിത പ്രവചന വിപണിയായ ‘പോളിമാർക്കറ്റിൽ’ നിയമവിരുദ്ധമായി കച്ചവടം നടത്തി സാമ്പത്തിക തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയതിനാണ് മിഷേൽ സ്പാഗ്നൂലോ (36) എന്ന ഗൂഗിൾ ടെക്കിയെ അറസ്റ്റ് ചെയ്തത്.
ഇറ്റാലിയൻ പൗരനായ സ്പാഗ്നൂലോ 2014 മുതൽ ഗൂഗിളിൽ ജോലി ചെയ്തുവരികയായിരുന്നു. കമ്പനിയുടെ സ്വിറ്റ്സർലൻഡിലെ സൂറിച്ച് ഓഫീസിലായിരുന്നു ഇയാൾക്ക് ജോലി. ഉപയോക്താക്കളുടെ സെർച്ച് വിവരങ്ങൾ ട്രാക്ക് ചെയ്യുന്ന ഗൂഗിളിന്റെ ആഭ്യന്തര ഡാറ്റ ഉപയോഗിച്ച് 2025 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഇയാൾ ‘പോളിമാർക്കറ്റി’ൽ ബെറ്റുകൾ വെച്ചതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കമ്പനിയുടെ അതീവ രഹസ്യവും മൂല്യവത്തായതുമായ വിവരങ്ങൾ ചോർത്തുകയും, ഇത് ഉപയോഗിച്ച് ഗൂഗിളുമായി ബന്ധപ്പെട്ട പന്തയങ്ങൾ വെക്കുകയും ചെയ്തുവെന്ന് ഇയാൾക്കെതിരെയുള്ള കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
മറ്റ് പന്തയക്കാരിൽ നിന്ന് വ്യത്യസ്തമായി, സ്പാഗ്നൂലോയ്ക്ക് ഈ പന്തയങ്ങളുടെ ഫലം പൊതുജനങ്ങൾക്ക് മുന്നിൽ എത്തുന്നതിന് മുൻപ് തന്നെ അറിയാമായിരുന്നു. കാരണം അയാൾ ഗൂഗിളിന്റെ വാണിജ്യ മൂല്യമുള്ള ആഭ്യന്തര രഹസ്യ വിവരങ്ങൾ കൈക്കലാക്കിയിരുന്നു.
14 വയസ്സുകാരി സെലസ്റ്റെ റിവാസ് ഹെർണാണ്ടസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമേരിക്കൻ ഗായകൻ ഡേവിഡ് (D4vd) ആയിരിക്കും 2025-ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട വ്യക്തിയെന്ന് സ്പാഗ്നൂലോ കൃത്യമായി പ്രവചിച്ചു. ഇയാൾ ബെറ്റ് വെക്കുന്ന സമയത്ത്, ഡേവിഡ് ഒന്നാമതെത്താൻ സാധ്യത തീരെയില്ലെന്നാണ് പോളിമാർക്കറ്റ് കണക്കാക്കിയിരുന്നത്. എന്നാൽ 'ആൽഫറക്കൂൺ' എന്ന അക്കൗണ്ട് നാമത്തിൽ ബെറ്റ് വെച്ച സ്പാഗ്നൂലോയ്ക്ക് ഈ രഹസ്യ വിവരങ്ങൾ ഉള്ളതിനാൽ കൃത്യമായി ജയിക്കാനായി.
എല്ലാ ജീവനക്കാർക്കും ലഭ്യമായ ഒരു ടൂൾ ഉപയോഗിച്ചാണ് ഈ ജീവനക്കാരൻ വിവരങ്ങൾ ശേഖരിച്ചത്. എന്നാൽ, ഇത്തരം രഹസ്യ വിവരങ്ങൾ പന്തയം വെക്കാൻ ഉപയോഗിക്കുന്നത് കമ്പനിയുടെ നയങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് ഗൂഗിൾ അധികൃതർ വ്യക്തമാക്കുന്നു. സ്പാഗ്നൂലോയെ നിലവിൽ അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്, ഉചിതമായ തുടർനടപടികൾ സ്വീകരിക്കും.
സമാനമായ മറ്റൊരു സംഭവത്തിൽ, വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവരുന്നതിന് മുൻപ് തന്നെ അത് വെച്ച് പോളിമാർക്കറ്റിൽ ബെറ്റ് വെച്ചതിന് ഏപ്രിലിൽ ഒരു യുഎസ് സ്പെഷ്യൽ ഫോഴ്സ് സൈനികനും കുറ്റാരോപിതനായിരുന്നു. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പന്തയം വെച്ച ഗാനൻ കെൻ വാൻ ഡൈക് (38) എന്ന ഈ സൈനികൻ 4,00,000 ഡോളറിലധികം (3.8 കോടിയിലധികം രൂപ) നേടിയിരുന്നു.






