
കഴിഞ്ഞ വര്‍ഷം നടന് രാം ചരണ്‍ ഡല്‍ഹിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ താനും പ്രധാനമന്ത്രിയും തമ്മില്‍ അന്ന് എന്തൊക്കെയാണ് സംസാരിച്ചതെന്ന് പങ്കുവെക്കുകയാണ് താരം.
സിനിമയെക്കുറിച്ചും ഇന്ത്യയുടെ മാറുന്ന മുഖത്തെക്കുറിച്ചുമാണ് തങ്ങള്‍ സംസാരിച്ചതെന്ന് രാം ചരണ്‍ പറഞ്ഞു. തന്റെ പുതിയ ചിത്രമായ പെദ്ദിയുടെ പ്രമോഷന്റെ ഭാഗമായി വ്യാഴാഴ്ച ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയെക്കുറിച്ച് നടന് വെളിപ്പെടുത്തിയത്.
‘ഏറ്റവുമൊടുവിൽ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദിജിയെ ഡൽഹിയിൽ വെച്ച് ഞാൻ കണ്ടപ്പോൾ, 'പെദ്ദി' എന്തിനെക്കുറിച്ചാണ് പറയുന്നതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. പരിണമിക്കുന്ന ഇന്ത്യയെക്കുറിച്ചും നമ്മുടെ ഗ്രാമങ്ങളെ ശാക്തീകരിക്കുന്നതിനെക്കുറിച്ചുമാണ് ചിത്രം പറയുന്നതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.
അന്ന് മോദിജി പശ്ചിമ ബംഗാളിലെ ഒരു കഥ എന്നോട് പറഞ്ഞു. പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള ഒരു ഫുട്ബോൾ കളിക്കാരൻ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്ന ഒരു സ്ഥലമുണ്ടായിരുന്നു. ഇന്ന് അതേ ഗ്രാമത്തിൽ നിന്ന് 85 ലധികം ആളുകൾ ഫുട്ബോൾ കളിക്കുന്നുണ്ട് എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.
ഇന്ന് നമ്മൾ ദക്ഷിണേന്ത്യയിൽ നിർമിക്കുന്ന സിനിമകൾ നമ്മുടെ സംസ്കാരത്തിലും മണ്ണിലും ആഴത്തിൽ വേരൂന്നിയതാണ്. നഗരങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് ഗ്രാമങ്ങളെയും പട്ടണങ്ങളെയും കേന്ദ്രീകരിച്ചുള്ളതാണ് അതൊക്കെ. ഇന്ത്യയിലെ നമ്മുടെ (ആർച്ചറി) അമ്പെയ്ത്ത് ടീമിൽ നിരവധി ട്രൈബൽ താരങ്ങളുണ്ട്, കാരണം അവർക്ക് സ്വാഭാവികമായി ആ കഴിവ് ഉണ്ട്.
ഗ്രാമങ്ങളിൽ നിന്നുള്ള ഇത്തരം കഴിവുകൾ അംഗീകരിക്കപ്പെടുന്നത് തന്നെ വളരെ മനോഹരമാണ്’.- റാം ചരൺ പറഞ്ഞു. അതേസമയം ഒരു സ്പോർട്സ് ഡ്രാമ ആയിട്ടാണ് ബുചി ബാബു സന 'പെദ്ദി' ഒരുക്കിയിരിക്കുന്നത്. ജാൻവി കപൂർ, ശിവരാജ് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജൂൺ നാലിന് ചിത്രം തിയറ്ററുകളിലെത്തും.






