
നായകളുള്ളവര്ക്ക് അവയെയും കൊണ്ട് രാവിലെയോ വൈകുന്നേരമോ നടക്കാന്‍ പോകുന്നത് തികച്ചും സാധാരണമായ ഒരു കാര്യമാണ്. എന്നാല്‍, നടക്കാന്‍ മടിയുള്ളവര്‍ക്കായി ഇതാ വ്യത്യസ്തമായൊരു വഴി കണ്ടെത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ നിന്നുള്ള ഒരു വ്യക്തി. താന്‍ സ്കൂട്ടറില്‍ സുഖമായി ഇരുന്നുകൊണ്ട് തന്റെ വളര്‍ത്തുനായയെ റോഡിലൂടെ നടത്തിക്കുന്ന ഇയാളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. 'അങ്കിള്മാര് ഇപ്പോള്‍ അവരുടെ നായയെ സ്കൂട്ടറിലാണ് കൊണ്ടുപോകുന്നത്' എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യങ്ങള്‍ പങ്കുവെക്കപ്പെട്ടിരിക്കുന്നത്.
'നവാബുമാരുടെ നഗരം' എന്ന് അറിയപ്പെടുന്ന ലഖ്നൗവിലെ ഈ കാഴ്ച്ച നിരവധിപ്പേരെയാണ് ആകര്‍ഷിച്ചത്. നായയെ നടക്കാന്‍ കൊണ്ടുപോകുന്നതു പോലെയുള്ള ലളിതമായൊരു കാര്യത്തെപ്പോലും ഇത്രയേറെ ശാന്തവും സ്റ്റൈലിഷുമാക്കാന് ലഖ്നൗവിലുള്ളവര്ക്കേ സാധിക്കൂ എന്നാണ് പലരും തമാശയായി കുറിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ 'നവാബി പ്രോ മാക്സ്', 'ഇത് ലഖ്നൗവില്‍ മാത്രം കാണാനാവുന്ന കാഴ്ച' എന്നിങ്ങനെ രസകരമായ ഒട്ടനവധി കമന്റുകളാണ് ആളുകള്‍ ഇതിന് താഴെ രേഖപ്പെടുത്തുന്നത്.
എന്നിരുന്നാലും, ഈ പ്രവൃത്തിയെ വിമര്‍ശിച്ചുകൊണ്ടും ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഹെല്‍മെറ്റ് പോലും ധരിക്കാതെ, ഒരു കൈ കൊണ്ട് ഫുട്പാത്തിലൂടെ സ്കൂട്ടര്‍ ഓടിക്കുന്ന ഇയാളുടെ രീതി ഒട്ടും സുരക്ഷിതമല്ലെന്നും ഇത്തരം അപകടകരമായ പ്രവണതകളെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുതെന്നും നിരവധിപ്പേര്‍ കമന്റുകളിലൂടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.






