
ജോലിക്കായി ജന്മനാടും കുടുംബവും വിട്ട് പുതിയ നഗരങ്ങളിലേക്ക് ചേക്കേറുന്നവര്‍ അനുഭവിക്കുന്ന മാനസിക വിഷമങ്ങളെക്കുറിച്ച് ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ച ഒരു കുറിപ്പ് ഇപ്പോള്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. പുതിയ നഗരങ്ങളിലെ ജീവിതം വ്യക്തിസ്വാതന്ത്ര്യവും മികച്ച തൊഴിലവസരങ്ങളും നല്‍കുമെങ്കിലും, പ്രിയപ്പെട്ടവരില്‍ നിന്ന് അകന്നു കഴിയേണ്ടി വരുന്നത് വലിയൊരു സങ്കടമാണെന്ന് ഈ പോസ്റ്റ് ഓര്‍മ്മിപ്പിക്കുന്നു. ഐടി നഗരങ്ങളില്‍ കരിയര്‍ കെട്ടിപ്പടുക്കുന്നതിനിടയില്‍ പലരും തുറന്നുപറയാത്ത ഇത്തരം വൈകാരികമായ പ്രതിസന്ധികളെക്കുറിച്ചാണ് ഇഷ മല്‍ഹോത്ര എന്ന യുവതി തന്റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെ സംസാരിച്ചത്.
ഐടി നഗരങ്ങളിലെ ജീവിതം കരിയര്‍ വളര്‍ച്ചയും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യവുമൊക്കെ നല്‍കുമെങ്കിലും, ഭൂരിഭാഗം പേരും തങ്ങളുടെ കുടുംബത്തെ നിശബ്ദമായി മിസ്സ് ചെയ്യുന്നുണ്ടെന്ന് ഇഷ വ്യക്തമാക്കുന്നു. അമ്മയുടെ കെട്ടിപ്പിടുത്തം, അച്ഛനോട് അന്നത്തെ ദിവസത്തെ വിശേഷങ്ങള്‍ പങ്കുവെക്കല്‍, സഹോദരങ്ങളോടൊപ്പം സമയം ചിലവഴിക്കല്‍ തുടങ്ങിയ ലളിതമായ നിമിഷങ്ങള്‍ പോലും ദൂരെയായിരിക്കുമ്പോള്‍ വലിയ സങ്കടമായി മാറാറുണ്ട്. പുറത്തുനിന്നുള്ളവര്‍ക്ക് നമ്മുടെ ആധുനിക ജീവിതശൈലിയും സ്വാതന്ത്ര്യവും മാത്രമേ കാണാന്‍ സാധിക്കൂ എന്നും, എന്നാല്‍ യഥാര്‍ത്ഥത്തില്‍ കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ട വിലപ്പെട്ട സമയമാണ് ഇതിലൂടെ നഷ്ടമാകുന്നതെന്നും അവര്‍ കുറിച്ചു.
സ്വന്തം നാട് വിട്ട് ദൂരദേശങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി പ്രൊഫഷണലുകളാണ് ഈ പോസ്റ്റിനോട് വൈകാരികമായി പ്രതികരിച്ചത്. കരിയറിലെ ലക്ഷ്യങ്ങളും കുടുംബത്തില്‍ നിന്നുള്ള അകലവും തമ്മില്‍ എങ്ങനെ ബാലന്‍സ് ചെയ്യണമെന്നത് വലിയൊരു പോരാട്ടമാണെന്ന് പലരും കമന്റുകളിലൂടെ സമ്മതിക്കുന്നു. 'ശമ്പളവും പരിചയസമ്പത്തും കൂടുമ്പോള്‍ പ്രിയപ്പെട്ടവരുമായുള്ള ദൂരവും കൂടുന്നു', 'കുടുംബത്തെയും സുഹൃത്തുക്കളെയും ഉപേക്ഷിച്ച് പോകുന്നതിന്റെ വേദനയോളം വരില്ല മറ്റൊന്നും', 'നമ്മള് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവര്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമല്ലെന്ന് തിരിച്ചറിയുമ്പോള്‍ ഈ സ്വാതന്ത്ര്യത്തിന്റെ ആവേശം നഷ്ടപ്പെടും' എന്നിങ്ങനെ പോകുന്നു ആളുകളുടെ ഹൃദയസ്പര്‍ശിയായ കമന്റുകള്‍.






