
തിരുവനന്തപുരം: ഒരുവര്‍ഷം മുന്‍പ് അച്ഛന് ആത്മഹത്യ ചെയ്തപ്പോള്‍ അമ്മയുടെ ഉദരത്തിലായിരുന്ന ആ കണ്മണി ഈ ഭൂമിയിലേക്ക് പിറന്നുവീണത് നീതികെട്ട ക്രൂരതകളുടെ ഇരയാകാനായിരുന്നു. മര്ദനറ്റേു മരിച്ച അര്‍ഷിതിന്റെ അമ്മ അഖിലയുടെ ആദ്യ ഭര്‍ത്താവ് പാലോട് സ്വദേശിയായ അഖില്‍ രണ്ടു വര്‍ഷം മുന്‍പാണ് ആത്മഹത്യ ചെയ്തത്.
അന്ന് ഗര്‍ഭിണിയായിരുന്നു. പ്രസവശേഷമാണ് അഷ്കറെ കൂടെക്കൂട്ടിയത്. അഷ്കര്‍ കുഞ്ഞിനെ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഈ വിവരങ്ങളെല്ലാം അമ്മയായ അഖിലയ്ക്ക് കൃത്യമായി അറിയാമായിരുന്നുവെന്നുമാണ് നാട്ടുകാരും പോലീസും വ്യക്തമാക്കുന്നത്. കുഞ്ഞിനെ ക്രൂരമായി ഉപദ്രവിക്കുന്നത് അറിഞ്ഞുകൊണ്ട് തന്നെയാണ് അഖില അഷ്കറിന് ഒത്താശ ചെയ്തതെന്ന് പിതാവിന്റെ ബന്ധുക്കള്‍ പോലീസിന് മൊഴി നല്കി.
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുഞ്ഞിന്റെ ഇരുകൈകളും ഒടിഞ്ഞ് പ്ലാസ്റ്ററിട്ട നിലയിലായിരുന്നു. കാല്‍പ്പാദങ്ങളിലും കൈകളിലും മുതുകിലുമൊക്കെ ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ച പാടുകളും വടി കൊണ്ടു മര്‍ദനമേറ്റ ചതവുകളും ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതോടെയാണ് ആശുപത്രിയിലെത്തിയ പിതാവിന്റെ ബന്ധുക്കള്‍ ദുരൂഹതയാരോപിച്ച് പോലീസിനെ സമീപിച്ചതും കൊലപാതകവിവരം പുറത്തുവന്നതും.
നര്‍ത്തകിയായ അമ്മ അഖില ആഴ്ചകളായി ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്ക് തമിഴ്നാട്ടിലായിരുന്നു. ഈ സമയങ്ങളിലെല്ലാം വീട്ടില്‍ കുഞ്ഞും അഷ്കറും മാത്രമാണുണ്ടായിരുന്നത്. അമ്മയില്ലാത്ത നേരമത്രയും കുഞ്ഞ് നരകയാതന അനുഭവിക്കുകയായിരുന്നു.
കുഞ്ഞിന്റെ ദേഹത്തെ പരുക്കുകളെക്കുറിച്ച് ചോദിച്ച ബന്ധുക്കളോടും നാട്ടുകാരോടും കുഞ്ഞ് ഉരുണ്ടുവീണതാണെന്നും തീയില്‍ കളിച്ചപ്പോള്‍ പറ്റിയതാണെന്നുമായിരുന്നു പ്രതികള്‍ പറഞ്ഞിരുന്നത്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം കുഞ്ഞിന്റെ വസ്ത്രങ്ങള്‍ കത്തച്ചിരുന്നു. വസ്ത്രങ്ങളും അഖില എഴുതിയ ഒരു കുറിപ്പും പാതികത്തിയ നിലയില്‍ വീട്ടുപരിസരത്തുനിന്ന് പോലീസ് കണ്ടെത്തി.






