
പ്രായത്തെ വെല്ലുന്ന ലുക്കിൽ വീണ്ടും ആരാധകരെ ഞെട്ടിച്ച് ബോളിവുഡ് താരം അനിൽ കപൂർ. ഭാര്യ സുനിത കപൂറിനൊപ്പമുള്ള തന്റെ ഏറ്റവും പുതിയ യൂറോപ്പ് യാത്രയുടെ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ പ്രകൃതിദൃശ്യങ്ങളാൽ സമ്പന്നമായ മൊണ്ടിനെഗ്രോയിൽ നിന്നുള്ള ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.
"മൊണ്ടിനെഗ്രോ: എനിക്ക് മാന്ത്രികമായ ഓർമ്മകൾ സമ്മാനിച്ച, ചിത്രം പോലെ മനോഹരമായ നാട്," എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അനിൽ കപൂർ കുറിച്ചത്.
ഭാര്യ സുനിതയ്ക്കൊപ്പമുള്ള ചിത്രത്തിന് പുറമെ, കറുത്ത വസ്ത്രവും സൺഗ്ലാസും ധരിച്ച് അതീവ സ്റ്റൈലിഷായി നിൽക്കുന്ന തന്റെ സോളോ ചിത്രങ്ങളും 69-കാരനായ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ അനിലിന്റെ സുഹൃത്തും നടിയുമായ ശില്പ ഷെട്ടി ഉൾപ്പെടെ നിരവധി പ്രമുഖർ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തി. "എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം, നിങ്ങൾ കാണാൻ സൂപ്പർ ആയിട്ടുണ്ട്," എന്നാണ് ശില്പ കുറിച്ചത്.






