
തിരൂര്‍ : മയക്കുമരുന്ന് വില്‍പ്പനക്കെതിരെ കേരള എക്സൈസിന്റെ ഓപ്പറേഷന് തണ്ടറില്‍ താനാളൂരില്‍ വന്‍ രാസലഹരി വേട്ട. തിരൂര്‍ എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ കെ. അനുശ്രീയും സംഘവും നടത്തിയ റെയിഡില്‍ ലഹരി മാര്‍ക്കറ്റില്‍ പത്ത് ലക്ഷത്തിലധികം രൂപ വില വരുന്ന എം.ഡി.എ.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു.
താനാളൂര്‍ തേക്കുംകാട്ടില്‍ മുഹമ്മദിന്റെ മകന് അബ്ദുള്‍ മജീദ്(40)ആണ് അറസ്റ്റിലായത്. ഇയാള്‍ താമസിക്കുന്ന താനാളൂരിലെ കെ.ടി. ജാറം എന്ന സ്ഥലത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വന്‍ രാസലഹരി പിടികൂടിയത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന 153.462 ഗ്രാം എംഡി.എം.എയാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. കൂടാതെ 2,46,000 രൂപയും തൊണ്ടിമണിയായി ഇയാളില്‍ നിന്നും കണ്ടെടുത്തു. ജില്ലയിലെ തീരദേശമേഖലയിലേക്ക് ചില്ലറ വില്‍പ്പനക്കായി വിദേശത്തുനിന്നും കാരിയര്‍മാരെ ഉപയോഗിച്ച് വന്‍ തോതില്‍ ക്വമേഷ്യല് അളവില്‍ രാസലഹരി കൊണ്ടുവരുന്നുണ്ടെന്ന മലപ്പുറം എക്സൈസ് ഇന്റലിജെന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
മയക്കുമരുന്ന് വില്‍പ്പനയുടെ വന്‍ശൃംഖലയുടെ ജില്ലയിലെ പ്രധാന കണ്ണിയാണ് അബ്ദുല്‍ മജീദ്. തുടര്‍ അന്വേഷണത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. റെയിഡില്‍ എക്സൈസ് ഇന്‍സ്പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.കെ. സൂരജ്, ഇന്റെലിജെന്‍സ് വിഭാഗം അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി. പ്രഗേഷ്, പ്രിവന്റീവ് ഓഫീസര്‍ ടി. ഗിരീഷ്, എം.കെ. ഷിജിത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ.വി. കണ്ണന്, അബിന്‍ വി. ലാല്‍, പി.ബി. വിനീഷ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സി.പി. സജിത പങ്കെടുത്തു.






