
പ്രകൃതിക്ക് കാഴ്ച്ചയുടെ വസന്തമൊരുക്കുന്ന ഒന്നാണ് വെള്ളിപ്പട്ടുപോലെ പെയ്തിറങ്ങുന്ന മഞ്ഞ്. മലനിരകളെയും താഴ്വരകളെയും മൂടുന്ന മഞ്ഞിന്റെ ഈ മനോഹാരിത ആസ്വദിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ മഞ്ഞ് വെറുമൊരു ദൃശ്യഭംഗി മാത്രമല്ലെന്നും, വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും ഭൂമിയെ രക്ഷിക്കാനുള്ള പ്രകൃതിയുടെ അത്ഭുത ആയുധം കൂടിയാണെന്നുമാണ് പുതിയ കണ്ടെത്തല്‍. അന്തരീക്ഷത്തിലെ വായു ശുദ്ധീകരിക്കാന്‍ മഞ്ഞില്‍ അടങ്ങിയിരിക്കുന്ന ചില പ്രത്യേക ബാക്ടീരിയകള്‍ക്ക് കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
വാഹനങ്ങളില്‍ നിന്നും ഫാക്ടറികളില്‍ നിന്നും പുറന്തള്ളപ്പെടുന്ന മാരകമായ രാസവസ്തുക്കളും വിഷവാതകങ്ങളും കൊണ്ട് മൂടിയതാണ് നമ്മുടെ അന്തരീക്ഷം. എന്നാല്‍ ശൈത്യകാലത്ത് അന്തരീക്ഷത്തില്‍ മഞ്ഞ് രൂപപ്പെടുമ്പോള്‍, അതിലെ ജലത്തുള്ളികളില്‍ കാണപ്പെടുന്ന സൂക്ഷ്മജീവികളായ ബാക്ടീരിയകള്‍ ഈ വിഷാംശങ്ങളെ ആഗിരണം ചെയ്യാന്‍ തുടങ്ങുന്നു. വായുവിലെ ദോഷകരമായ ഓര്‍ഗാനിക് സംയുക്തങ്ങളെ തങ്ങളുടെ ഭക്ഷണമാറ്റി മാറ്റുകയാണ് ഈ ബാക്ടീരിയകള്‍ ചെയ്യുന്നത്.
ഈ പ്രക്രിയയിലൂടെ അന്തരീക്ഷത്തിലെ നൈട്രജന്‍ ഓക്സൈഡ്, സള്‍ഫര്‍ ഡയോക്സൈഡ് തുടങ്ങിയ മാരക വാതകങ്ങളുടെ അളവ് വലിയ തോതില്‍ കുറയുന്നു. കടുത്ത മലിനീകരണമുള്ള നഗരങ്ങളില്‍പ്പോലും മഞ്ഞുകാലത്ത് വായുവിന്റെ ഗുണനിലവാരം ഒരു പരിധി വരെ മെച്ചപ്പെടാന്‍ ഈ കുഞ്ഞന്‍ ജീവികള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുന്നു. ചുരുക്കത്തില്‍, പ്രകൃതി തന്നെ ഒരുക്കുന്ന ഒരു സ്വാഭാവിക 'എയര്‍ പ്യൂരിഫയര്‍' പോലെയാണ് ഈ ബാക്ടീരിയകള്‍ പ്രവര്‍ത്തിക്കുന്നത്.
അതേസമയം, മനുഷ്യന് സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണം പരിധി വിട്ട് ഉയര്‍ന്നാല്‍ ഈ ബാക്ടീരിയകള്‍ക്ക് പോലും വായു ശുദ്ധീകരിക്കാന്‍ കഴിയില്ലെന്ന ശക്തമായ മുന്നറിയിപ്പും ശാസ്ത്രജ്ഞര്‍ നല്‍കുന്നുണ്ട്. അമിതമായ രാസമാലിന്യങ്ങള്‍ കലര്‍ന്ന പുകമഞ്ഞ് ഈ ബാക്ടീരിയകളുടെ നാശത്തിന് കാരണമായേക്കാം. അതിനാല്‍ പ്രകൃതിയുടെ ഈ സ്വാഭാവിക ശുദ്ധീകരണ പ്രക്രിയ സുഗമമായി നടക്കണമെങ്കില്‍ മനുഷ്യന് ഉണ്ടാക്കുന്ന മലിനീകരണം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
ബയോഫില്ട്ടറേഷന് സാങ്കേതികവിദ്യയുടെ സഹായത്തോടെ വായു മലിനീകരണം തടയുന്നതിനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് കരുതുന്നത്. നഗരങ്ങളിലെ വായു ശുദ്ധീകരണ പ്ലാന്റുകളില്‍ ഈ ബാക്ടീരിയകളെ കൃത്രിമമായി ഉപയോഗിക്കാനുള്ള സാധ്യതകളെക്കുറിച്ചുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കും. പരിസ്ഥിതി സംരക്ഷണ രംഗത്ത് വലിയൊരു ചുവടുവെപ്പായിരിക്കും ഈ പഠനമെന്നാണ് വിലയിരുത്തപ്പെടുന്നത്.






