
ഇന്നലെയായിരുന്നു ബോളിവുഡ് താരം സൊനാക്ഷി സിൻഹയുടെ 39-ാം ജന്മദിനം. ആരാധകരും സെലിബ്രിറ്റികളുമുൾപ്പെടെ നിരവധിപ്പേരാണ് നടിക്ക് ആശംസകളുമായെത്തിയത്. ഭർത്താവും നടനുമായ സഹീർ ഇഖ്ബാലിനും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം യുകെയിലെ ബ്രൈറ്റണിലായിരുന്നു നടിയുടെ ഇത്തവണത്തെ ജന്മദിനാഘോഷം.
സൊനാക്ഷിക്ക് ആശംസകൾ നേർന്നുകൊണ്ട് സഹീർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. 'ലവ് യു മൈ ബെർത്ത്ഡേ ഗേൾ' എന്ന ലളിതമായ അടിക്കുറിപ്പോടെയാണ് സഹീർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
മാസ്ക് ധരിച്ച് ഇരുവരും ക്യാമറയ്ക്ക് പോസ് ചെയ്യുന്ന രസകരമായ വീഡിയോയും, സൊനാക്ഷി കോഫി ആസ്വദിക്കുന്ന ചിത്രവും, കേക്ക് മുറിക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. ഒരേപോലെയുള്ള കറുത്ത വസ്ത്രങ്ങൾ ധരിച്ച് ഡൈനിംഗ് ടേബിളിൽ ഇരിക്കുന്ന ദമ്പതികളുടെ ചിത്രവും ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റി. തങ്ങളുടെ വിവാഹ ചടങ്ങിൽ നിന്നുള്ള ഒരു ചിത്രവും സഹീർ പങ്കുവെച്ചിട്ടുണ്ട്.
തന്റെ ജന്മദിനത്തിന്റെ ചില നിമിഷങ്ങൾ സൊനാക്ഷിയും ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചു. കാറിലിരിക്കുന്ന മങ്ങിയ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് 'ബ്ലറി ബെർത്ത്ഡേ ബിഹേവിയർ' എന്നാണ് താരം കുറിച്ചത്. ഏഴു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ 2024 ജൂൺ 23-നായിരുന്നു സൊനാക്ഷിയും സഹീറും വിവാഹിതരായത്.
അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്ത് ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്ത 'സിസ്റ്റം'എന്ന ലീഗൽ ഡ്രാമയിലാണ് സൊനാക്ഷി ഒടുവിലായി അഭിനയിച്ചത്. ജ്യോതിക, അശുതോഷ് ഗോവാരിക്കർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം മെയ് 22-നാണ് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചത്. ഹർമൻ ബവേജ, അരുൺ സുകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.






