
ന്യൂഡല്‍ഹി: കിടപ്പുമുറിയിലെ കസേരയില്‍ കെട്ടിയിട്ട് ഭാര്യ കഴുത്തുമറിച്ചെന്ന് പരാതിയുമായ ഭര്‍ത്താവ്. എന്നാല്‍ യുവാവിന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ഗുഡ്ഗാവിലെ ഖേദ്ല സ്വദേശിയാണ് പരാതിക്കാരന്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഭാര്യ തന്നെ കിടപ്പുമുറിയിലേക്ക് ക്ഷണിച്ചു. മുറിയിലെത്തിയ തന്നെ കസേരയില്‍ ബന്ധിച്ച് കണ്ണുകള്‍ കെട്ടി. തുടര്‍ന്ന് പാട്ടുവച്ച് നൃത്തം ചെയ്തു. ഇതിനിടെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് തന്റെ കഴുത്തുമുറിച്ചുവെന്നും യുവാവ് പരാതിപ്പെട്ടു.
ആക്രമണത്തിനു ശേഷം വീട് പൂട്ടി ഭാര്യ രക്ഷപ്പെട്ടു. നിലവിളി കേട്ട് എത്തിയ സുഹൃത്തുക്കളാണ് രക്ഷപ്പെടുത്തിയതെന്നും യുവാവ് മൊഴി നല്കി. ഗുരുതരമായി പരുക്കേറ്റ യുവാവിനേയും ആദ്യം സോഹ്നയിലെ ആശുപത്രിയിലും തുടര്‍ന്ന് ഗുഡ്ഗാവിലെ സിവില്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഐപിസി 324, 506 വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.
അതേസമയം, യുവാവിന്റെ മൊഴിയില്‍ വൈരുദ്ധ്യമുള്ളത് പോലീസിനെ കുഴക്കുന്നുണ്ട്. യുവാവിന് മാരകമായി മുറിവേറ്റുവെങ്കിലും എങ്ങനെയാണ് ഇയാള്‍ രക്ഷപ്പെട്ടതെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ആക്രമിച്ചുവെന്ന് പറയുന്ന സ്ത്രീയെ കുറിച്ച് ഇതുവരെ പോലീസിന് വിവരം ലഭിച്ചിട്ടില്ല. സംഭവത്തിനു പിന്നില്‍ എന്തൊക്കെയൊ ദുരൂഹതകളുണ്ടെന്നും അത മറനീക്കി പുറത്തുകൊണ്ടുവരുമെന്നും എസ്.ഐ സുര്‍ജീത് കുമാര്‍ പറഞ്ഞു.
യുവാവും അദ്ദേഹത്തിന്റെ സഹോദരനും പല്‍വാല്‍ സ്വദേശികളായ സഹോദരിമാരെയാണ് വിവാഹം കഴിച്ചിരുന്നത്. എന്നല്‍ ഇവരുടെ രണ്ടു പേരുടെയും കുടുംബജീവിതം തകരാറിലാണ്.






