
തിരുവനന്തപുരം: നാലാഞ്ചിറയിലെ ഉദിയന്നൂര്‍ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ ഹസീന ബീവി(36)യെ ഭര്‍ത്താവ് സുരേഷ് (46) കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവശേഷം ഒളിവില്‍ പോയ പ്രതിക്കായി മണ്ണന്തല പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയായിരുന്നു ദാരുണ സംഭവം. നാല് മക്കളും ഹസീനയുടെ അമ്മയും വീട്ടിലുണ്ടായിരിക്കെയാണ് കൊലപാതകം നടന്നത്.
കുടുംബകലഹവും സുരേഷിന്റെ സംശയരോഗവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുരേഷും ഹസീനയും നാല് മക്കളുമടങ്ങുന്ന കുടുംബം നാലു മാസം മുമ്പാണ് ഇവിടെ വാടകയ്ക്ക് താമസത്തിനെത്തിയത്. ദമ്പതികള്‍ക്കിടയില്‍ നേരത്തെയും നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
ഭര്‍ത്താവുമായി പിണങ്ങി ഹസീന ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീടുവിട്ടുപോയിരുന്നു. തുടര്‍ന്ന് സുരേഷ് പോലീസില്‍ പരാതി നല്‍കുകയും ഇരുവരെയും മണ്ണന്തല പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി പ്രശ്നപരിഹാര ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഒത്തുതീര്‍പ്പിലെത്തിയതിനെത്തുടര്‍ന്ന് ഹസീന അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം കഴിഞ്ഞ രണ്ടിനു വൈകിട്ടോടെയാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്.
ഹസീന വീട്ടിലില്ലാതിരുന്നതിനാല്‍ സ്കൂള്‍ തുറന്നിട്ടും കുട്ടികള്‍ പഠനത്തിന് പോയിരുന്നില്ല. അമ്മ തിരിച്ചെത്തിയതോടെ ഇന്നലെ സ്കൂളിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു നാല് മക്കളും. എന്നാല്‍ പുലര്‍ച്ചെയോടെ ദമ്പതികള്‍ തമ്മില്‍ വീണ്ടും രൂക്ഷമായ വാക്കുതര്‍ക്കമുണ്ടാവുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. വഴക്കിനിടെ സുരേഷ് കറിക്കത്തി ഉപയോഗിച്ച് ഹസീനയുടെ കഴുത്തറുക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്.
കൊലപാതകശേഷം ഉപയോഗിച്ച കത്തി ശൗചാലയത്തില്‍ കഴുകി വൃത്തിയാക്കിയ പ്രതി കാറില്‍ കയറി രക്ഷപ്പെട്ടതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മുകളിലെ നിലയില്‍നിന്ന് ബഹളം കേട്ടാണ് കുട്ടികള്‍ ഉണര്‍ന്നത്. മുറിക്കകത്ത് കയറിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയെയാണ് കണ്ടത്. തുടര്‍ന്ന് പത്താം ക്ലാസില്‍ പഠിക്കുന്ന മകന് പോലീസിനെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഹസീനയുടെ സഹോദരന് വിവരം അറിഞ്ഞെത്തിയതിനെത്തുടര്ന്ന് നാട്ടുകാരും പോലീസും സ്ഥലത്തെത്തി.
മണ്ണന്തല പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സംഭവശേഷം ഒളിവില്‍ കഴിയുന്ന സുരേഷിനെ കണ്ടെത്താന്‍ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നാല് മക്കളും നിലവില്‍ ബന്ധുക്കളുടെയും പോലീസിന്റെയും സംരക്ഷണത്തിലാണ്.






