
തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിൽ വെച്ച് സിഐയെ ആക്രമിച്ച കേസിൽ കുളപ്പട സ്വദേശിയും കണ്ടന്റ് ക്രിയേറ്ററുമായ യദു കൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി സ്റ്റേഷനിലെത്തിയ പ്രതി കസേര ഉപയോഗിച്ച് സിഐയുടെ തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ സിഐയുടെ തലയിൽ നാല് സ്റ്റിച്ചുണ്ട്. സ്റ്റേഷനിലെത്തിച്ച ശേഷം കൈവശമുണ്ടായിരുന്ന മദ്യക്കുപ്പിയും ഇയാൾ സ്റ്റേഷനുള്ളിൽ വെച്ച് തകർത്തു.
മാനസിക വെല്ലുവിളി നേരിടുന്നതിന് ചികിത്സയിലായിരുന്ന യദു, ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. പരിസരപ്രദേശങ്ങളിലെ കടകളിലും മറ്റും ഇയാൾ പ്രശ്നമുണ്ടാക്കിയതായി പരാതിയുണ്ട്. മദ്യപിച്ചെത്തിയ ഇയാൾ ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും നിരവധി ഫോളോവേഴ്സ് ഉള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണെന്ന് പോലീസ് അറിയിച്ചു.






