
ഹരിപ്പാട്: വീട്ടിലേക്ക് നടവഴി മാത്രമുള്ള അത്യാസന്ന നിലയിലായ രോഗിയെ ആംബുലന്‍സിലെത്തിക്കാന്‍ ക്ലബ്ബ് അംഗങ്ങളുടെ സഹായഹസ്തം. വീയപുരം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് കാരിച്ചാലിലാണ് സഹസികമായ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നാട് സാക്ഷ്യം വഹിച്ചത്.
ഇന്നലെ രാവിലെ 10നായിരുന്നു സംഭവം. ശ്വാസതടസം ഉണ്ടായി അവശനായ വട്ടക്കാട്ടുചിറകിഴക്കതില് രാമന്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ആരുമില്ലായിരുന്നു. ഭാര്യ വാര്‍ഡ് അംഗമായ എം.എ വര്‍ഗീസിനെ വിവരമറിയിച്ചു. ഉടന്‍ തന്നെ മെമ്പര്‍ 108 ആംബുലന്‍സ് വിളിച്ചു. പക്ഷെ രോഗിയായ രാമന്‍കുട്ടിയെ ആബുലന്‍സില്‍ കയറ്റണമെങ്കില്‍ ആറിന്റെ തീരത്തുള്ള വീട്ടില്‍ നിന്നും 500മീറ്റര്‍ താണ്ടണം.
നടപ്പാത മാത്രമാണ് ഇവിടെയുള്ളത്. ഒരു വൈദ്യുതി പോസ്റ്റും മാര്‍ഗതടസമായി. ജലമാര്‍ഗമാണ് പിന്നീട് രോഗിയെ എത്തിക്കാനുള്ള ഏക മാര്‍ഗം. ചെറുവള്ളങ്ങള്‍ അവിടങ്ങളിലുണ്ട്. രോഗിതീരെ അവശനായതുകൊണ്ട് വള്ളത്തില്‍ കയറാനും വയ്യ. ഈ സാഹചര്യത്തിലാണ് വാര്‍ഡ് അംഗം ബ്രദേഴ്സ് ക്ലബ് അംഗങ്ങളെ സമീപിക്കാന്‍ തീരുമാനിച്ചത്. ഫോണില്‍ ബന്ധപ്പെട്ട ഉടന്‍ തന്നെ ടീം അംഗങ്ങളായ ഷിബിന്‍, ലിബിന്, ചാര്‍ലി, ഷിബു, സന്തോഷ്, പ്രിന്‍സ്, മിജുന്, എബി, കുട്ടാച്ചന്, സന്‍ജോ, ജീസു, റെനി എന്നിവര്‍ സ്ഥലത്തെത്തി.
പരസ്പരം കൈകോര്‍ത്തു കസേരയിലിരുത്തി. ഇടുങ്ങിയ വഴിയിലൂടെ വളരെ സാഹസികമായി രോഗിയെ ആംബുലന്‍സില്‍ എത്തിച്ചു. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. രോഗി സുഖംപ്രാപിച്ചു വരുന്നു. ഒരു ജീവന്‍രക്ഷിക്കാന്‍ തയാറായ ക്ലബ്ബ് അംഗങ്ങളേയും അതിനു നേതൃത്വം കൊടുത്ത വാര്‍ഡ് അംഗത്തേയും തേടി എത്തുന്നത് അഭിന്ദന പ്രവാഹമാണ്.






