
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനിൽ സമഗ്ര മാറ്റം പ്രതീക്ഷിച്ചവർക്ക് തൽക്കാലം നിരാശ. മുൻകൂർ അനുമതിയില്ലാതെ വരുത്താവുന്ന 18 രൂപമാറ്റങ്ങൾ മാത്രം ഉൾപ്പെടുത്തിയാണ് ഗതാഗത കമ്മിഷണർ റിപ്പോർട്ട് തയ്യാറാക്കിയത്.വാഹന രൂപമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജെൻസിക്ക് നൽകിയ ഉറപ്പ് പൂർണമായും നടപ്പാകുന്നില്ലെന്ന വിലയിരുത്തലാണ് റിപ്പോർട്ടിൽ നിന്ന് ഉയരുന്നത്. അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങൾ മാത്രം ഉൾപ്പെടുത്തിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും.വാഹനങ്ങളിൽ സ്റ്റിക്കറുകളും ലൈറ്റുകളും ഘടിപ്പിക്കുന്നതടക്കമുള്ള 18 തരത്തിലുള്ള മോഡിഫിക്കേഷനുകൾ അനുവദിക്കാമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിലുള്ള ശുപാർശ.
നിയമപരമായ തടസങ്ങളില്ലാത്ത 18 തരം സ്റ്റാൻഡേർഡ് എക്യുപ്മെന്റുകൾക്ക് മാത്രമാണ് മുൻകൂർ അനുമതി ആവശ്യമില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നത്. സീറ്റ് കവറുകൾ, ഫ്ലോർ മാറ്റുകൾ, ഡോർ വൈസറുകൾ, മഡ് ഫ്ലാപ്പുകൾ എന്നിവ ഘടിപ്പിക്കുന്നതിനും അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകൾ പതിപ്പിക്കുന്നതിനും നിയമതടസമില്ല.
ഇൻഫോടെയ്ന്മെന്റ് സിസ്റ്റം, സ്പീക്കറുകൾ, ഡാഷ് കാം, റിവേഴ്സ് കാമറ, പാർക്കിംഗ് സെൻസറുകൾ, ജിപിഎസ്, റൂഫ് കാരിയറുകൾ എന്നിവയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 50 ശതമാനം കാഴ്ച ലഭിക്കുന്ന സൺ ഫിലിമുകൾ ഉപയോഗിക്കുന്നതിനും അനുമതി ആവശ്യമില്ലാത്ത മാറ്റങ്ങളുടെ പട്ടികയിൽ ഇടം ലഭിച്ചിട്ടുണ്ട്.






