
തിരുവനന്തപുരം: കേരളത്തിൽ ഒരു ഇന്ദിരാ ഗ്യാരന്റി പോലും നടപ്പാക്കില്ലെന്ന് ധവളപത്രത്തിൽ വ്യക്തമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ടി.എം. തോമസ് ഐസക്. സംസ്ഥാനത്ത് ശമ്പളപരിഷ്കരണം ഉണ്ടാകില്ലെന്നും, വിരമിക്കൽ പ്രായം ഉയർത്തുമെന്നും, ക്ഷേമപെൻഷൻ വീടുകളിൽ എത്തിക്കുന്ന സംവിധാനം അവസാനിപ്പിക്കുമെന്നും ധവളപത്രത്തിൽ നിന്ന് വ്യക്തമാകുന്നതായി അദ്ദേഹം പറഞ്ഞു. നിരവധി ക്ഷേമപദ്ധതികൾ അവതാളത്തിലാകുകയും പൊതുമേഖല സ്ഥാപനങ്ങളിൽ ചിലത് സ്വകാര്യവൽക്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുമെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ യു.ഡി.എഫ് സർക്കാർ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും തോമസ് ഐസക് ചോദിച്ചു. നയപ്രഖ്യാപനത്തിൽ കേന്ദ്രസർക്കാരിനെതിരെ ഒരു പരാമർശം പോലും ഇല്ലെന്നും, കിഫ്ബി വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാടിനെയാണ് യു.ഡി.എഫ് സർക്കാർ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. കേരളം കടക്കെണിയിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം വലിയൊരു തിരിച്ചുപോക്കിന് സാക്ഷ്യം വഹിക്കാനാണ് പോകുന്നതെന്നും തോമസ് ഐസക് പറഞ്ഞു. പണം കണ്ടെത്തുന്നതിനായി എൽ.ഡി.എഫ് സ്വീകരിച്ച നയങ്ങൾ ശരിയല്ലെന്നാണ് ഇപ്പോൾ പറയുന്നതെങ്കിലും, ധനസമാഹരണത്തിനായി എന്ത് നടപടികളാണ് സ്വീകരിക്കുകയെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനാണ് ധവളപത്രമെന്ന് ആരോപിച്ച അദ്ദേഹം, യു.ഡി.എഫ് സർക്കാരിന്റെ യഥാർത്ഥ മുൻഗണന എന്താണെന്നും ചോദിച്ചു. അത് ഇന്ദിരാ ഗ്യാരന്റിക്കാണോ, ക്ഷേമപദ്ധതികൾക്കാണോ, സാമ്പത്തിക അച്ചടക്കത്തിനാണോ എന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






