
ന്യൂഡല്‍ഹി : ദേശീയതലത്തിൽ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിന് ഡി എം കെയുടെ വക വൻ പ്രഹരം. ജൂൺ എട്ടിന് നടക്കാനിരിക്കുന്ന യോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ ഡി എം കെ തീരുമാനിച്ചു. വിജയ്യുടെ ടിവികെയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതിന് പിന്നാലെയാണ് ഡിഎംകെ കോണ്‍ഗ്രസുമായി ഇടഞ്ഞത്. തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് ഡിഎംകെയെ ഒറ്റുകൊടുത്തെന്നാണ് ഡിഎംകെയുടെ വിമര്‍ശനം. അതില്‍ പാര്‍ട്ടി കേഡര്‍മാര്‍ക്ക് ആഴത്തില്‍ വേദനയുണ്ടെന്നും ഡിഎംകെ പ്രസ്താവനയില്‍ അറിയിച്ചു.
ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ നിന്നുള്ള പിന്മാറ്റമായി കാണരുതെന്നും ഡി എം കെ വിശദീകരിച്ചു. സഖ്യത്തിലെ മറ്റ് കക്ഷികൾ ഉന്നയിക്കുന്ന ജനക്ഷേമകരമായ ദേശീയ വിഷയങ്ങൾക്ക് ഡി എം കെയുടെ പൂർണ്ണ പിന്തുണയും ശബ്ദവും തുടർന്നും ഉണ്ടാകുമെന്നും തങ്ങൾ ഉയർത്തിയ പോരാട്ടങ്ങളിൽ നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട് .
ജൂണ്‍ എട്ടിന് നടക്കുന്ന യോഗം ബഹിഷ്കരിക്കുമെന്നാണ് ഡിഎംകെ അറിയിച്ചിരിക്കുന്നത്. ഡിഎംകെ ആസ്ഥാനത്തുനിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് സുപ്രധാന തീരുമാനം എടുത്തിരിക്കുന്നത്. ലോക്സഭയിലാകെ 22 എംപിമാരുള്ള ഇന്ത്യ സഖ്യത്തിലെ നാലാമത്തെ കരുത്തരായ കക്ഷിയായാണ് ഡിഎംകെയെ കാണുന്നത്.






