
ഫാഷനാണെങ്കിലും ഇങ്ങനെയൊക്കെ വേണോ...ആരായാലും ഈ വാർത്ത കണ്ടാൽ അങ്ങനെയേ ചോദിക്കൂ. ഗ്ലാമറസും ആകർഷകവുമായ അടിവസ്ത്രങ്ങളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ തികച്ചും വിചിത്രമായ ഒരു അടിവസ്ത്രവുമായി ഓസ്ട്രേലിയയിലെ 'റാറ്റ് ഗിസാർഡ് ഓഡിറ്റീസ്' എന്ന ബുട്ടീക്ക് ആണ് വിചിത്ര ഫാഷനു പിന്നിൽ.
എന്നാൽ, ഇനി കാര്യം പറയാം. റാറ്റ് ഗിസാർഡ് ഓഡിറ്റീസ് പുറത്തിറക്കിയ സ്ത്രീകൾക്കായുള്ള അടിവസ്ത്രത്തിൽ സ്റ്റഫ് ചെയ്ത് സൂക്ഷിച്ച എലികളെ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്! കഴിഞ്ഞ ഒക്ടോബറിൽ ഇവർ ഇതിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ഇവയ്ക്ക് 'ലിഞ്ചെറാറ്റ്സ്' എന്നാണ് പേരിട്ടിരിക്കുന്നത്. എലി എന്നർത്ഥം വരുന്ന ‘റാറ്റ്’ എന്ന വാക്ക് ചേർത്താണ് ഈ പേര്.
ഇനി ഇക്കാര്യം കൂടി കേട്ടോളൂ, ഈ അടിവസ്ത്രങ്ങൾ യഥാർത്ഥത്തിൽ ധരിക്കാൻ വേണ്ടി ഉണ്ടാക്കിയതല്ല എന്നാണ് ഡിസൈനർ പറയുന്നത്. അല്ലെങ്കിലും ഒരു ചത്ത എലി ശരീരത്തിൽ സ്പർശിക്കുന്നത് ആർക്കെങ്കിലും ഇഷ്ടപ്പെടുമോ. എന്നാൽ, ഡിസൈനർ പറയുന്നത് ആര് അനുസരിക്കും എന്നാണ് ആരാധകരുടെ പക്ഷം. അവർ പറയുന്നത് എന്തായാലും 'ലിഞ്ചെറാറ്റ്സ്’ വാങ്ങി ധരിക്കുമെന്നാണ്.
ഇതൊരു വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന് കരുതിയവർ തെറ്റി. ഈ 'എലി അടിവസ്ത്രങ്ങൾ' ഇപ്പോൾ വിപണിയിൽ വാങ്ങാൻ ലഭ്യമാണ്. ഒരു ജോടിക്ക് 190 ഓസ്ട്രേലിയൻ ഡോളറാണ് വില (അതായത് ഏകദേശം 11,500 ഇന്ത്യൻ രൂപ). ലബോറട്ടറികളിൽ നിന്നും മറ്റും കളയുന്ന എലികളെയാണ് തങ്ങൾ ഇതിനായി ഉപയോഗിക്കുന്നതെന്ന് ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. മൃഗസ്നേഹികളിൽ നിന്ന് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഇവർ നേരിടുന്നുണ്ടെങ്കിലും, വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ തന്നെയാണ് ഇവരുടെ തീരുമാനം.
ബൂട്ടീക്കിന്റെ വിചിത്ര പരീക്ഷണം വൻ വിജയമായിക്കഴിഞ്ഞു. ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാവുകയും, വെബ്സൈറ്റിലേക്ക് ആളുകൾ ഇരച്ചുകയറുകയും ചെയ്തു.






