
കൊച്ചി: മാസപ്പടി കേസില്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) അന്വേഷണത്തെ ചോദ്യം ചെയ്ത് സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇന്ന് അന്തിമ തീരുമാനം പ്രഖ്യാപിക്കും. ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെയാണ് കമ്പനി അപ്പീല്‍ നല്‍കിയത്.
ജസ്റ്റിസുമാരായ വി. രാജ വിജയരാഘവന്, കെ. വിജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തങ്ങളുടെ അധികാരപരിധി ലംഘിച്ചാണ് ഇ ഡി പരിശോധനകള്‍ നടത്തുന്നതെന്ന് സിഎംആര്‍എല്‍ വാദിക്കുമ്പോള്‍, അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയല്ലേ വേണ്ടതെന്ന നിലപാടാണ് കോടതി മുന്‍പ് ഉയര്‍ത്തിയത്.
നിര്‍ണായക തീരുമാനങ്ങള്‍ക്ക് സാധ്യത ഹൈക്കോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ ഇ ഡി ഡയറക്ടര്‍ രാഹുല്‍ നവീന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ കൊച്ചി സോണല്‍ ഓഫീസില്‍ അടിയന്തര യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ നടന്ന റെയ്ഡിനിടെ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ യോഗം.
കോടതി വിധി അനുകൂലമായാല്‍ വീണ ടി. ഉള്‍പ്പെടെയുള്ളവര്‍ക്ക് ചോദ്യം ചെയ്യലിനായി ഉടന്‍ സമന്‍സ് അയക്കുന്ന കാര്യത്തില്‍ ഈ യോഗത്തില്‍ തീരുമാനമുണ്ടാകും. നിലവില്‍ കോടതി നിര്‍ദ്ദേശപ്രകാരം ഇ ഡി നടപടികള്‍ക്ക് താല്‍ക്കാലിക വിലക്കുണ്ട്.





