
കൊച്ചി: സി.എം.ആര്.എല്‍. എക്സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ തൈക്കണ്ടിക്ക് വീണ്ടും ഇ.ഡി. യുടെ സമന്‍സ്. ചോദ്യം ചെയ്യലിന് ബുധനാഴ്ച രാവിലെ ഹാജരാകാനാണ് നിര്‍ദേശം. നേരത്തേ തിങ്കളാഴ്ച ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നെങ്കിലും വീണ സാവകാശം ചോദിച്ചതിനെ തുടര്‍ന്നാണ് രണ്ടുദിവസത്തിന് ശേഷം ബുധനാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചത്.
നേരത്തേ തനിക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ട് യാത്ര ചെയ്യാനാകില്ല എന്നത് കാണിച്ച് വീണ 14 ദിവസത്തേക്കാണ് ഇളവ് തേടിയത്. എന്നാല്‍ ഈ സമയം കൊണ്ട് വീണയ്ക്ക് സുപ്രീംകോടതിയില്‍ അടക്കം നിയമനടപടികളുമായി നീങ്ങാന്‍ സാഹചര്യം സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് നടപടികള്‍ ഇ.ഡി. വേഗത്തിലാക്കിയത്. റെയ്ഡിന് പിന്നാലെ വീണയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലായിരുന്നു ഇ.ഡി. വീണ മേല്‍ക്കോടതിയിലേക്ക് നടത്തുന്ന നീക്കത്തിന് മുമ്പായി ചോദ്യം ചെയ്ത് വിവരം ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്.
നേരത്തേ വീണയ്ക്ക് എതിരേ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് ഇ.ഡി. പറയുന്നത്. നേരത്തേ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ബഞ്ചും ഹര്‍ജികള്‍ തള്ളിയപ്പോള്‍ തന്നെ ഇ.ഡി. സോണല്‍ ഓഫീസില്‍ യോഗം ചേര്‍ന്ന് അടിയന്തര നടപടികളെക്കുറിച്ച് തീരുമാനം എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണയെ ചോദ്യം ചെയ്യാനുള്ള നീക്കം തുടങ്ങിയത്. തെളിവുകള്‍ അഭിഭാഷകന് വഴി നല്‍കാനുള്ള വീണയുടെ നീക്കം തടഞ്ഞ് നേരിട്ട് ഹാജരാകാനാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം.






