
കൊച്ചി: കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബർ പിടിയിൽ. പാലക്കാട് നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സെക്സ് റാക്കറ്റ് കണ്ണിയാണ് ഇയാൾ. ഹോട്ടൽ നടത്തിപ്പിന്റെ മറവിലാണ് സെക്സ് റാക്കറ്റിന്റെ പ്രവർത്തനങ്ങൾ. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടാനായത്.
പാർടൈം ജോലി കഴിഞ്ഞ് റോഡിലുടെ നടന്നു പോകുകയായിരുന്ന രണ്ട് പെൺകുട്ടിളെ എട്ടു പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. ഇക്കഴിഞ്ഞ ചൊവ്വ പുലർച്ചെ 4.30ഓടെ ആയിരുന്നു സംഭവം നടന്നത്. കലൂർ ജങ്ഷനടുത്ത് ചക്കാലപ്പാടം റോഡിലാണ് വിദ്യാർഥിനികൾ ആക്രമിക്കപ്പെട്ടത്.
അക്രമി സംഘത്തിന്റെ് ദൃശ്യം മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ചതോടെ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞ് പൊട്ടിക്കുകയും പെൺകുട്ടികളിലൊരാളെ നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും തല പിടിച്ച് നിലത്തിടിക്കുകയും ചെയ്തു എന്നുമാണ് പെൺകുട്ടികളുടെ പരാതി. ആക്രമണത്തിൽ പെൺകുട്ടികളിലൊരാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം, മൊഴി എടുക്കാൻ എത്തിയ പൊലീസ് വസ്ത്ര ധാരണത്തെയും പുറത്തിറങ്ങിയ സമയത്തെയും വിമർശിച്ചെന്ന് മർദനമേറ്റ പെൺകുട്ടി പറഞ്ഞു.






