
ടെഹ്റാൻ: ഫിഫ ലോകകപ്പ് പോരാട്ടത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആതിഥേയ രാജ്യമായ യുഎസിനെതിരെ കടുത്ത ആരോപണങ്ങളുമായി ഇറാൻ. ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് രണ്ടാഴ്ചയിൽ താഴെ മാത്രം സമയം ബാക്കി നിൽക്കെ ഇറാൻ ലോകകപ്പ് പ്രതിനിധി സംഘത്തിലെ പ്രധാനപ്പെട്ട പല അംഗങ്ങൾക്കും യുഎസ് വിസ നിഷേധിച്ചതായി അവർ ആരോപിച്ചു. ഇതോടെ ടൂർണമെന്റിന് മുന്നോടിയായി പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
വിസ സംബന്ധമായ തർക്കങ്ങൾ ടീമിന്റെ ഒരുക്കങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇറാൻ. വിസ നിയന്ത്രണങ്ങൾ കാരണം ടീമിന് സാധാരണ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്ന് ഇറാൻ അധികൃതർ അവകാശപ്പെടുന്നു. ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ടൂർണമെന്റിൽ പങ്കെടുക്കാൻ ഇറാൻ കളിക്കാർക്ക് യുഎസിൽ പ്രവേശാനുമതി ലഭിച്ചത്.
യുഎസ്–ഇറാൻ നയതന്ത്ര സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ വിവാദം ഉയരുന്നത്. ബാക്കിയുള്ള വിസ അപേക്ഷകളുടെ നിലയെക്കുറിച്ച് ഫിഫയോ യുഎസ് അധികൃതരോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.






