
ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്ബോള്‍ നോക്കൗട്ടില്‍ ഏറ്റവും കുടുതല്‍ ഗോളുകളെന്ന നേട്ടവുമായി ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. സ്വീഡനെതിരേ നടന്ന നോക്കൗട്ടില്‍ ഇരട്ട ഗോളടിച്ചതോടെയാണ് എംബാപ്പെ പുതിയ റെക്കോഡിന് ഉടമയായത്.
നോക്കൗട്ടില്‍ പത്ത് ഗോളുകളടിക്കുന്ന ആദ്യ താരമാണ് 28 വയസുകാരനായ എംബാപ്പെ. എട്ട് വീതം ഗോളുകളടിച്ച ബ്രസീലിന്റെ റൊണാള്‍ഡോ, ലിയോനിഡാസ് എന്നിവരുടെ റെക്കോഡാണ് എംബാപ്പെ പഴങ്കഥയാക്കിയത്. ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്ടെയ്ന്, ബ്രസീലിന്റെ ഇതിഹാസ താരം പെലെ എന്നിവര്‍ക്ക് ഏഴ് ഗോള്‍ വീതമാണ്. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി 19 ഗോളുകളുമായി ലോകകപ്പിലെ ടോപ് സ്കോററാണെങ്കിലും നോക്കൗട്ടില്‍ എംബാപ്പെയ്ക്കു പിന്നിലാണ്. മെസിക്ക് നോക്കൗട്ടില്‍ ഇതുവരെ അഞ്ച് ഗോളുകളാണ് അടിക്കാനായത്.
പോര്‍ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് നോക്കൗട്ടില്‍ ഗോളടിക്കാനെ കഴിഞ്ഞിട്ടില്ല. ഈ ലോകകപ്പില്‍ മെസിയും എംബാപ്പെയും ആറ് ഗോളുകള്‍ വീതമടിച്ചു. ഇതുവരെ 18 ലോകകപ്പ് മത്സരങ്ങളിലായി 18 ഗോളുകളും നാല് അസിസ്റ്റുകളും കുറിച്ചു. ഏഴ് തവണ മത്സരത്തിലെ താരവുമായി. സ്വീഡനെതിരേ പ്ലേ മേക്കറായ മൈക്കിള്‍ ഒലിസാണ് എംബാപ്പെയുടെ രണ്ട് ഗോളുകള്‍ക്കും അസിസ്റ്റ് ചെയ്തത്. ''കിലിയന്‍ റെക്കോഡുകള്‍ക്കു വേണ്ടിയല്ല കളിക്കുന്നതെന്നു'' ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്സിന്റെ സാക്ഷ്യം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ജയിക്കുന്ന കോച്ചെന്ന റെക്കോഡ് നിലനിര്‍ത്താന്‍ ദെഷാംപ്സിനായി. അദ്ദേഹം ഇതുവരെ 18 മത്സരങ്ങളില്‍ ജയമറിഞ്ഞു. ഫ്രാന്‍സ് നോര്‍വേയെ 4-1 നു തോല്‍പ്പിച്ചതോടെ ഹെല്‍മുട്ട് സ്കോണിന്റെ 17 മത്സരങ്ങളുടെ റെക്കോഡ് മറികടക്കാന്‍ ദെഷാംപ്സിനായി.
മാതാവിന്റെ നിര്യാണത്തെത്തുടര്‍ന്ന് ദെഷാംപ്സ് മത്സരത്തില്‍ പങ്കാളിയായിരുന്നില്ല. 1998 ഫൈനലിനു ശേഷം ഫ്രാന്‍സിന്റെ ലോകകപ്പ് നോക്കൗട്ടിലെ ഏറ്റവും മികച്ച ജയമാണിത്. ഫൈനലില്‍ അവര്‍ ബ്രസീലിനെ 3-0 ത്തിനാണു തോല്‍പ്പിച്ചത്്. ജര്‍മനിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച പരാഗ്വേയാണ് ഫ്രാന്‍സിന്റെ അടുത്ത എതിരാളി.
സ്വീഡനെതിരേ എംബാപ്പെയെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനാണു ദെഷാംപ്സ് തയാറാക്കിയത്. സ്വീഡന്റെ കോച്ച് ഗ്രഹാം പോട്ടര്‍ പ്രതിരോധത്തിനു മുന്‍തൂക്കം നല്കിയ 3-4-3 ഫോര്‍മേഷനാണു താല്പര്യപ്പെട്ടത്. അലക്സാണ്ടര്‍ ഇസാക്, വിക്ടോര്‍ ഗ്യോകേഴ്സ്, ആന്റണി ഇലാങ്ക എന്നിവര്‍ മുന്നില്‍നിന്നു. ഫ്രഞ്ചുകാര്‍ 523 പാസുകള്‍ പൂര്‍ത്തിയാക്കി. അവരുടെ 25 ഷോട്ടുകള്‍ക്കു മുന്നില്‍ സ്വീഡന്റെ എട്ട് ഒന്നുമല്ലാതായി. ഗോളിലേക്കു 13 തവണയാണു ഫ്രഞ്ചുകാര്‍ ഉന്നംവച്ചത്. ഫ്രഞ്ച് ഗോള്‍ കീപ്പര്‍ മൈക് മായ്ഗാനെ ബുദ്ധിമുട്ടിക്കാന്‍ സ്വീഡിഷ് മുന്നേറ്റത്തിനായില്ല.




