
ന്യൂയോര്‍ക്ക്: സ്വീഡനെ 3-0 ത്തിനു തോല്‍പ്പിച്ച് മുന്‍ ചാമ്പ്യന്‍ ഫ്രാന്‍സും ഇക്വഡോറിനെ 2-0 ത്തിനു തോല്‍പ്പിച്ച് മെക്സിക്കോയും ഫുട്ബോള്‍ ലോകകപ്പിലെ ആദ്യ നോക്കൗട്ട് കടന്നു.
ന്യൂയോര്‍ക്കിലെ ന്യൂ ജഴ്സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഫ്രാന്‍സിനായി കിലിയന്‍ എംബാപ്പെ ഇരട്ട ഗോളുകളടിച്ചു. ബ്രാഡ്ലി ബാര്‍കോളയാണ് ഒരു ഗോളടിച്ചത്. ഇക്വഡോറിനെതിരേ നടന്ന മത്സരത്തില്‍ മെക്സിക്കോയ്ക്കായി യൂലിയന്‍ ക്വിനോസും റൗള്‍ ഹിമെനസും ഗോളടിച്ചു. ഇക്വഡോറിന്റെ പിയറോ ഹികാപി ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായിരുന്നു. ചൊവ്വാഴ്ച വൈകി നടന്ന മത്സരത്തില്‍ നോര്‍വേ 2-1 ന് ഐവറി കോസ്റ്റിനെ തോല്‍പ്പിച്ചിരുന്നു. നോര്‍വേയ്ക്കായി അന്റോനിയോ നുസയും ഏര്‍ലിങ് ഹാളണ്ടും ഗോളടിച്ചു. അമാദ് ഡിയാലോയാണ് ഐവറി കോസ്റ്റിനായി ഗോളടിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 1.30 മുതല്‍ നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍ നോര്‍വേയെ നേരിടും.
ഞായറാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ നടക്കുന്ന നോക്കൗട്ടില്‍ ഫ്രാന്‍സ് പരാഗ്വേയെ നേരിടും. മെക്സിക്കോയും ഇക്വഡോറും തമ്മിലുള്ള മത്സരം കനത്ത മഴയും ഇടിമിന്നലും കാരണം ഒരു മണിക്കൂര്‍ വൈകിയാണു തുടങ്ങിയത്. 40 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മെക്സിക്കോ ലോകകപ്പില്‍ ഒരു നോക്കൗട്ട് മത്സരം ജയിക്കുന്നത്. 1986 ലോകകപ്പിലാണ് അവസാനം ജയിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലും നോക്കൗട്ടിലും ഗോള്‍ വഴങ്ങാതെയാണു മെക്സിക്കോ മുന്നേറിയത്്. 1990 ലോകകപ്പില്‍ ഇറ്റലി സമാനമായ നേട്ടം കുറിച്ചിരുന്നു. മെക്സിക്കോ ദക്ഷിണാഫ്രിക്ക (2-0), ദക്ഷിണ കൊറിയ (1-0), ചെക്ക് (3-0) എന്നിവരെയാണു ഗോള്‍ വഴങ്ങാതെ തോല്‍പ്പിച്ചത്.
പന്തടക്കത്തില്‍ 57 ശതമാനം പുലര്‍ത്താനായെങ്കിലും ഗോളിലേക്കുള്ള മുന്നേറ്റങ്ങള്‍ നടത്താന്‍ ഇക്വഡോറിനായില്ല. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഒബെദ് വാര്‍ഗാസിനെ വീഴ്ത്തിയതിനാണു പിയറോ ഹികാപി ചുവപ്പ് കാര്‍ഡ് കണ്ടത്. സ്വീഡനെതിരേ കളിയുടെ 61 ശതമാനം സമയത്തും പന്ത് ഫ്രഞ്ച് താരങ്ങളുടെ പക്കലായിരുന്നു. തുടക്കത്തില്‍ മാത്രമാണ് ഫ്രഞ്ചുകാര്‍ ബുദ്ധിമുട്ടിയത്. അവസരം മുതലെടുത്ത സ്വീഡന് ചില മുന്നേറ്റങ്ങളും നടത്തി. 15-ാം മിനിറ്റ് മുതല്‍ ദിദിയര്‍ ദെഷാംപ്സിന്റെ ശിഷ്യന്മാര് തകര്‍ത്തു. കിലിയന്‍ എംബാപ്പെയും ഒസുമാനെ ഡെംബെലെയും മൈക്കിള്‍ ഒലിസെയും സ്വീഡിഷ് ബോക്സില്‍ തുടരെയെത്തി. 20-ാം മിനിറ്റില്‍ എംബാപ്പെ ഗോളടിച്ചെങ്കിലും ഓഫ് സൈഡായി. 31-ാം മിനിറ്റില്‍ എംബാപ്പെയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. 35-ാം മിനിറ്റില്‍ ഒലീസെയുടെ ബൈസിക്കിള്‍ കിക്കും പോസ്റ്റിലിടിച്ചു മടങ്ങി. സ്വീഡന് ഗോള്‍ കീപ്പര്‍ യാക്കോബ് വിദെല് സെറ്റസ്ട്രോമിന്റെ തകര്‍പ്പന്‍ സേവുകളാണ് ഗോള്‍ നിഷേധിച്ചത്. ഒന്നാം പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ ഗോള്‍ വീണു. ഇടതു വിങ്ങിലൂടെയുള്ള മുന്നേറ്റത്തില്‍ പ്രതിരോധതാരങ്ങളെ വെട്ടിയൊഴിഞ്ഞ് എംബാപ്പെ ഗോളടിച്ചു. 15 ഗോള്‍ ശ്രമങ്ങളാണ് ഒന്നാം പകുതിയില്‍ മാത്രം ഫ്രാന്‍സ് നടത്തിയത്. 52-ാം മിനിറ്റില്‍ ബ്രാഡ്ലി ബാര്‍കോള ലീഡ് ഇരട്ടിയാക്കി. 64-ാം മിനിറ്റില്‍ ഒലീസെയുടെ ലോങ് റേഞ്ചര്‍ ഗോള്‍ കീപ്പര്‍ മുഴുനീള ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. 74-ാം മിനിറ്റില്‍ എംബാപ്പെ മൂന്നാം ഗോളടിച്ചു. ഒലീസെ ഡിഫന്‍ഡര്‍മാര്‍ക്ക് ഇടയിലൂടെ നല്കിയ പാസില്‍നിന്നാണ് ഗോളിന്റെ പിറവി. അങ്കലാപ്പിലായ സ്വീഡിഷ് ഡിഫന്‍ഡര്‍മാര്‍ എംബാപ്പെയെ മാര്‍ക്ക് ചെയ്യാന്‍ വിട്ടു. ബോക്സിലേയ്ക്ക് ഓടിക്കയറിയ എംബാപ്പെയ്ക്കു പിഴച്ചില്ല. ഫ്രഞ്ച് മുന്നേറ്റങ്ങള്‍ എല്ലാം ലക്ഷ്യം കാണാതെ പോയതു സ്വീഡന് രക്ഷയായി.




