
സലിം കുമാറിനെ ആദ്യമായി കണ്ടതിന്റെ ഓമകള്‍ പങ്കുവെച്ച് നടി മാല പാര്‍വതി. സിലിം കുമാര്‍ സിനിമയിലെല്ലാം എത്തുന്നതിന് ഏറെ മുമ്പായിരുന്നു ആ കൂടിക്കാഴ്ച. മാല പാര്‍വതി ഏഷ്യാനെറ്റില്‍ ജോലി ചെയ്യുന്ന കാലം. സിനിമാല എന്ന ജനപ്രിയ പരിപാടിയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് മാല പാര്‍വതി സലിം കുമാറിനെ ആദ്യമായി കാണുന്നത്.
സിനിമാലയില്‍ ടി.എന്‍ ഗോപകുമാറിനെയും ചിന്ത രവിയേയും അനുകരിച്ച് കയ്യടി നേടിയ സലിം കുമാറിനെ ഓര്‍ക്കുകയാണ് മാല പാര്‍വതി. നര്മ്മരാജാവായിരുന്നു അദ്ദേഹം എന്നാണ് മാല പാര്‍വതി പറയുന്നത്.
മാലാ പാര്‍വതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
ഏഷ്യാനെറ്റിൽ ജോലി ചെയ്യുന്ന കാലത്താണ് സലീമേട്ടനെ ആദ്യമായി കാണുന്നത്.അങ്ങനെയാണ് പരിചയവും.(1994 മുതൽ 2000 വരെയുള്ള കാലഘട്ടം).
ഡയാന സിൽവെസ്റ്റർ പ്രൊഡ്യൂസ് ചെയ്ത സിനിമാല എന്ന പരിപാടിയിൽ അഭിനയിക്കാൻ വന്നപ്പോഴായിരുന്നു അത്. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിക്ക് വളരെ പെട്ടെന്ന് തന്നെ വലിയ സ്വീകാര്യത ലഭിച്ചു.
അക്കാലത്ത് ഏഷ്യാനെറ്റിന്റെ ഐഡന്റിറ്റിയായിരുന്ന പരിപാടിയായിരുന്നു കണ്ണാടി. പ്രശസ്ത പത്രപ്രവർത്തകനായ T. N. Gopakumar ആയിരുന്നു അതിന്റെ അവതാരകൻ. അതുപോലെ ചിന്ത രവി അവതരിപ്പിച്ചിരുന്ന എന്റെ കേരളം എന്ന പരിപാടിയും ജനപ്രിയമായിരുന്നു.
ഈ രണ്ട് പരിപാടികളെയും നർമ്മത്തിന്റെ ഭാഷയിൽ ട്രോൾ ചെയ്ത് സലീമേട്ടൻ സിനിമാലയിൽ അവതരിപ്പിച്ച എപ്പിസോഡുകൾ വമ്പൻ ഹിറ്റായി. അങ്ങനെയാണ് സലീം കുമാർ എന്ന അതുല്യ കലാകാരന്റെ ഉദയം.
പിന്നീട് അദ്ദേഹം ചെയ്ത കഥാപാത്രങ്ങളെല്ലാം മലയാളികൾ നെഞ്ചിലേറ്റി. നർമ്മരാജാവായിരുന്ന അദ്ദേഹം, തന്റെ ശബ്ദം കൊണ്ടും സംസാരശൈലി കൊണ്ടും മോഡുലേഷൻ കൊണ്ടും അഭിനയ മികവ് കൊണ്ടും തനിക്കു മാത്രമായ ഒരിടം സൃഷ്ടിച്ചു. അനുകരിക്കാൻ ശ്രമിക്കാമെങ്കിലും പകർത്താനാവാത്ത വ്യക്തിമുദ്രയായിരുന്നു അത്.
ഇന്ന്, അവസാനമായി അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിക്കാൻ പോയപ്പോൾ ഡയാനയെ കണ്ടു. ഒരു കാലഘട്ടത്തിലെ ഒരുപാട് ഓർമ്മകൾ മനസ്സിൽ നിറഞ്ഞുവന്നു. ആദരാഞ്ജലികൾ, സലീമേട്ടാ






