
കൊച്ചി: വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. മനുഷ്യന്റെ ദുഃഖവും മരണവും നാടിന്റെ പ്രതിസന്ധികളും അപകടങ്ങളുമെല്ലാം ചിലർ സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളാക്കി മാറ്റുകയാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
അനാവശ്യ ഇടപെടലുകളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനുമുള്ള വെല്ലുവിളിയാണെന്ന് പൊലീസ് കുറിപ്പിൽ പറയുന്നു.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് ഓർമിപ്പിച്ച പൊലീസ്, ഒരാളുടെ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാമെന്നും മുന്നറിയിപ്പ് നൽകി.






