
വാഷിംഗ്ടൺ: എച്ച്-1ബി വിസകൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 1,00,000 ഡോളർ (ഏകദേശം 85 ലക്ഷത്തിലധികം രൂപ) വൻ ഫീസ് വർദ്ധനവ് അമേരിക്കൻ ഫെഡറൽ കോടതി റദ്ദാക്കി. കോടതിയുടെ പുതിയ വിധിയിലൂടെ ലക്ഷക്കണക്കിന് ഇന്ത്യൻ ഐടി ഉദ്യോഗാർത്ഥികൾക്കും യുഎസിലെ ഇന്ത്യൻ കമ്പനികൾക്കും വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.
യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇത്തരമൊരു നികുതി ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലിയോ സോറോക്കിൻ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കത്തിനെതിരെ 20 ഡെമോക്രാറ്റിക് സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ നൽകിയ സംയുക്ത ഹർജിയിലാണ് കോടതിയുടെ ഈ ഉത്തരവ്.
മുൻപ് എച്ച്-1ബി വിസയ്ക്കായി കമ്പനികൾ 2,000 മുതൽ 5,000 വരെ ഡോളർ മാത്രമാണ് ഫീസായി നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ സെപ്റ്റംബറിലാണ് ട്രംപ് ഇത് ഒരു ലക്ഷം ഡോളറായി കുത്തനെ ഉയർത്തിയത്. ഫീസ് കുത്തനെ കൂട്ടിയതോടെ വിസ അപേക്ഷകളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എച്ച്-1ബി രജിസ്ട്രേഷനുകളിൽ 38.5 ശതമാനത്തിന്റെ ഇടിവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷം 3,43,981 അപേക്ഷകൾ ലഭിച്ച സ്ഥാനത്ത് ഇത്തവണ അത് 2,11,600 ആയി കുറഞ്ഞു. ഫെബ്രുവരി പകുതി വരെ വെറും 85 പേർ മാത്രമാണ് പുതിയ നിരക്കിൽ ഫീസ് ഒടുക്കിയിരുന്നത്.
അമേരിക്കൻ തൊഴിലാളികളുടെ അവസരങ്ങൾ വിദേശികൾ കുറഞ്ഞ ശമ്പളത്തിൽ തട്ടിയെടുക്കുന്നത് തടയാനും രാജ്യസുരക്ഷ ഉറപ്പാക്കാനുമാണ് ഈ നീക്കമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ, ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്ത്യൻ ഐടി പ്രൊഫഷണലുകളെയായിരുന്നു. നിർമ്മിത ബുദ്ധി (എഐ) കാരണം ഐടി മേഖലയിൽ ഉണ്ടായ തൊഴിൽ നഷ്ടങ്ങൾക്ക് പുറമെ, ഉയർന്ന ഫീസ് കാരണം കമ്പനികൾ വിദേശികളെ നിയമിക്കാൻ മടിച്ചതും വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ജോലി നഷ്ടപ്പെട്ട് 60 ദിവസത്തിനകം പുതിയ തൊഴിൽ കണ്ടെത്താനാകാതെ നിരവധി ഇന്ത്യൻ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു.
കഴിഞ്ഞ മാസം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഈ വിസ പ്രതിസന്ധി ഉന്നയിച്ചിരുന്നു. യുഎസിലെ കുടിയേറ്റ സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായുള്ള താൽക്കാലിക ബുദ്ധിമുട്ടുകൾ മാത്രമാണിതെന്നും ഇത് ഇന്ത്യയെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും റൂബിയോ അന്ന് വ്യക്തമാക്കിയിരുന്നു.






