
തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. പനിക്ക് ചികിത്സ തേടി ഇന്നലെ ആശുപത്രിയില്‍ എത്തിയത് 10,853 പേരാണ്. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ പനിക്ക് ചികിത്സ തേടിയത് - 2117 പേര്. തൃശൂരില്‍ 1062 പേരും, പാലക്കാട് 970 പേരും തിരുവനന്തപുരത്ത് 829 ആളുകളും കോഴിക്കോട് 862 പേരും കാസര്‍ഗോഡ്, എറണാകുളം ജില്ലകളില്‍ 804 പേരും കണ്ണൂര്‍ 746 പേരും ചികിത്സ തേടി.
പനിക്ക് ഒപ്പം ഷിഗെല്ല വ്യാപനവും പൊതുജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നു. കഴിഞ്ഞ ദിവസം എട്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നാണ് ഷിഗെല്ല റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇന്നലെ 11പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ലക്ഷണം മൂലം 142 പേർ ചികിത്സ തേടി. ഒരു ഡെങ്കിപ്പനി മരണവും റിപ്പോർട്ടുചെയ്തു. ഇന്നലെ 109 പേർക്ക് ചിക്കൻ പോക്സും സ്ഥിരീകരിച്ചെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകളിൽ പറയുന്നു. ഈ മാസം ആകെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 342 പേര്‍ക്കാണ്. ഈ വർഷം 15 പേര് ഡെങ്കിപ്പനി മൂലം മരിച്ചു. ആറു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചത് 132 പേര്‍ക്കുമാണ്. കൊല്ലത്തും പത്തനംതിട്ടയിലുമായി ഇന്നലെ രണ്ടു പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചു.






